നിത്യജീവിതത്തില്‍ പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും നമ്മെ അലട്ടാം ദഹനപ്രശ്നങ്ങള്‍ ഇത്തരത്തിലൊന്നാണ്. ധാരാളം പേരെയാണ് വിവിധ തരത്തിലുള്ള ദഹനപ്രശ്നങ്ങള്‍ അലട്ടുന്നത്. തിരക്ക് പിടിച്ച ജീവിതസാഹചര്യങ്ങള്‍ തന്നെയാണ് വലിയൊരു പരിധി വരെ ഇതിന് കാരണമാകുന്നത്.
സമയത്തിന് ഭക്ഷണമില്ല, ഉണ്ടെങ്കില്‍ തന്നെ അത് പോഷകപ്രദമായത് ആയിരിക്കണമെന്നില്ല. സ്ട്രെസ്, ഉറക്കമില്ലായ്മ, വ്യായാമമില്ലായ്മ എന്നിങ്ങനെയുള്ള അനാരോഗ്യകരമായ ജീവിതരീതികളാണ് ദഹനപ്രശ്നങ്ങളിലേക്ക് എത്തുന്നത്. ചിലരില്‍ ഇത് പിന്നീട് പതിവാകുകയും ചെയ്യാം.
ദഹനപ്രശ്നങ്ങളില്‍ തന്നെ ധാരാളം പേര്‍ പ്രയാസപ്പെടുന്നൊരു അവസ്ഥയാണ് മലബന്ധം. സുഗമമായി മലവിസര്‍ജ്ജനം നടത്താൻ സാധിക്കാത്ത അവസ്ഥയാണിത്. ഇത് തീര്‍ച്ചയായും ആരോഗ്യാവസ്ഥയെയും മാനസികാരോഗ്യത്തെ വരെയും പ്രതികൂലമായി ബാധിക്കും.
മലബന്ധം നേരിടുന്നവര്‍ ഇത് പരിഹരിക്കാൻ ജീവിതരീതികള്‍ ആകെയും മെച്ചപ്പെടുത്തല്‍ നിര്‍ബന്ധമാണ്. സമയത്തിന് ഭക്ഷണം. അതും ആരോഗ്യകരമായ ഭക്ഷണം ഉറപ്പിക്കണം. ഉറക്കം, വ്യായാമം, മാനസികമായ സ്വാസ്ഥ്യം എല്ലാം വേണം.
ഭക്ഷണത്തിലേക്ക് വന്നാല്‍ ‘ഫൈബര്‍’ കാര്യമായി അടങ്ങിയ ഭക്ഷണങ്ങളാണ് മലബന്ധം പരിഹരിക്കുന്നതിനായി കഴിക്കേണ്ടത്. ഇത് വളരെ നിര്‍ബന്ധമാണ്. പലരിലും ഫൈബര്‍ കുറഞ്ഞുപോകുന്നത് തന്നെയാണ് മലബന്ധത്തിലേക്ക് നയിക്കുന്നത്.
ഫൈബര്‍ പ്രധാനമായും രണ്ട് തരത്തിലാണുള്ളത്. ഇവ രണ്ടും ഭക്ഷണത്തിലൂടെ തന്നെ ലഭിക്കുന്നത്. എളുപ്പത്തില്‍ ശരീരത്തിന് പുറത്തേക്ക് കളയുന്നതിന് സഹായകമാം വിധം വിസര്‍ജ്ജ്യത്തിന്‍റെ പ്രകൃതം മാറ്റുന്നതിനാണ് ഫൈബര്‍ സഹായിക്കുന്നത്. രണ്ട് തരത്തിലുള്ള ഫൈബറും ഇതിന് സഹായിക്കുന്നു.
പഴങ്ങളും പച്ചക്കറികളുമാണ് ഫൈബര്‍ ലഭ്യതയ്ക്ക് പ്രധാനമായും കഴിക്കേണ്ടത്. അതും നാരുള്ള പച്ചക്കറികളും പഴങ്ങളും ഏറ്റവും മികച്ചത്. പപ്പായ, ആപ്പിള്‍, പിയര്‍, ഓറഞ്ച്, നേന്ത്രപ്പഴം എന്നിങ്ങനെയുള്ള പഴങ്ങള്‍ നല്ലതാണ്.
പച്ചക്കറിയിലേക്ക് വന്നാല്‍ ബ്രൊക്കോളി, ബ്രസല്‍സ് സ്പ്രൗട്ട്സ്, ക്യാരറ്റ്, ചീര എന്നിവയെല്ലാം ഏറെ നല്ലതാണ്. പരിപ്പ്- പയര്‍ വര്‍ഗങ്ങളും ഫൈബര്‍ ഉറപ്പുവരുത്തുന്നു. പരിപ്പ്, കടല, പീസ് എല്ലാം ഇത്തരത്തില്‍ കഴിക്കാം. അതുപോലെ പൊടിക്കാത്ത ധാന്യങ്ങളും ഡയറ്റിലുള്‍പ്പെടുത്തുന്നത് നല്ലതാണ്. ഓട്ട്സ്, ക്വിനോവ, റൈസ് എല്ലാം ഇത്തരത്തിലുള്ള ധാന്യങ്ങളാണ്. ഇവയ്ക്ക് പുറമെ നട്ട്സും സീഡ്സും കൂടി കഴിക്കുകയാണെങ്കില്‍ ഉത്തമം.