കണ്ണൂർ ∙ സഹകരണ ബാങ്കിൽനിന്നെടുത്ത വായ്പയുടെ കുടിശികയിൽ ഇളവു തേടി നവകേരള സദസ്സിൽ അപേക്ഷ നൽകിയ ഇരിട്ടി കിളിയന്തറ സ്വദേശിക്ക് ലഭിച്ചത് ഞെട്ടിക്കുന്ന ഇളവ് ! പരമാവധി ഇളവു നൽകാൻ ബാങ്ക് തീരുമാനിച്ചുവെന്നു തുടങ്ങുന്ന മറുപടിയിൽ, തിരിച്ചടയ്ക്കേണ്ട 3.98 ലക്ഷം രൂപയ്ക്ക് അനുവദിച്ചിരിക്കുന്ന ഇളവ് 515 രൂപ ! മറുപടിക്കത്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയതോടെ സിപിഎം അനുഭാവി കൂടിയായ അപേക്ഷകൻ പ്രതികരിക്കാൻ പോലും മടിച്ചുനിൽക്കുകയാണ്.
വീടിന്റെ അറ്റകുറ്റപ്പണിക്ക് കിളിയന്തറ സ്വദേശി ഇരിട്ടി സഹകരണ ബാങ്കിന്റെ സായാഹ്ന ശാഖയിൽനിന്നെടുത്ത വായ്പയിൽ ഈ മാസം 31നു മുൻപ് അടയ്ക്കേണ്ടത് 3,97,731 രൂപയാണ്. ഇതിൽ ഇളവുതേടിയാണ് നവംബർ 22ന് ഇരിട്ടിയിൽ പേരാവൂർ മണ്ഡലം നവകേരള സദസ്സിൽ അപേക്ഷ നൽകിയത്. പരാതി പരിഹരിക്കാനായി സഹകരണ സംഘം ജോയിന്റ് റജിസ്ട്രാർക്ക് കൈമാറിയതായി തൊട്ടടുത്ത ദിവസം തന്നെ മറുപടി ലഭിച്ചു. എന്നാൽ, രേഖാമൂലമുള്ള മറുപടി കയ്യിലെത്തിയപ്പോഴാണ് ഇളവ് 515 രൂപയാണെന്ന് അറിഞ്ഞത്.