ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി തെറ്റാണെന്ന് തങ്ങൾ തെളിയിച്ചതായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. തൊഴിൽരഹിതരായ യുവതക്കുള്ള ധനസഹായ പദ്ധതിയായ ‘യുവനിധി’യുടെ രജിസ്ട്രേഷന് തുടക്കംകുറിച്ച് ബംഗളൂരുവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി ഒരു സാമ്പത്തിക വിദഗ്ധനാണോ എന്നും സിദ്ധരാമയ്യ പരിഹസിച്ചു. കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ അഞ്ചിന സാമൂഹികക്ഷേമ പദ്ധതികൾ നടപ്പാക്കിയാൽ കർണാടക കടത്തിൽ മുങ്ങുമെന്നായിരുന്നു മോദി പറഞ്ഞത്. അഞ്ചു പദ്ധതികളും നടപ്പാക്കി മോദി തെറ്റാണെന്ന് ഞങ്ങൾ തെളിയിച്ചു.
മാത്രവുമല്ല; അഞ്ചു പദ്ധതികളും നടപ്പാക്കിയതിലൂടെ കർണാടക സാമ്പത്തികമായി ശക്തിപ്രാപിക്കുകയാണ് ചെയ്തത്. 39,000 കോടിയാണ് ഈ പദ്ധതികൾക്കായി ഞങ്ങൾ ബജറ്റിൽ അനുവദിച്ചത്.
രാജ്യത്ത് രണ്ടു കോടി യുവാക്കൾക്ക് തൊഴിൽ നൽകുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാൻ നിങ്ങൾക്ക് കഴിഞ്ഞോ എന്നും മോദിയെ ലക്ഷ്യമിട്ട് സിദ്ധരാമയ്യ ചോദിച്ചു. ചൊവ്വാഴ്ച രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ച യുവനിധി പദ്ധതിയുടെ ആദ്യ ഘഡു സഹായവിതരണം രണ്ടാഴ്ചക്കകം ആരംഭിക്കും.
ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ടാണ് പണം നൽകുക. യുവനിധി പദ്ധതിപ്രകാരം, തൊഴിൽരഹിതരായ ബിരുദധാരികൾക്ക് 3000 രൂപയും ഡിപ്ലോമ ധാരികൾക്ക് 1500 രൂപയും മാസംതോറും ലഭിക്കും. ഇത് പരമാവധി രണ്ടു വർഷം വരെയോ അല്ലെങ്കിൽ ജോലി ലഭിക്കുന്നതുവരെയോ അനുവദിക്കും.
2023ൽ പാസ്ഔട്ടായവർക്കു മാത്രമാണ് പദ്ധതിക്ക് യോഗ്യത. ജനുവരി 12ന് ശിവമൊഗ്ഗയിൽ നടക്കുന്ന ചടങ്ങിൽ ആദ്യഘട്ട സഹായ വിതരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം സിദ്ധരാമയ്യ നിർവഹിക്കും.
ശക്തി യോജന (വനിതകൾക്ക് സൗജന്യ ബസ് യാത്ര), ഗൃഹജ്യോതി (എല്ലാ വീട്ടുകാർക്കും 200 യൂനിറ്റ് സൗജന്യ വൈദ്യുതി), ഗൃഹലക്ഷ്മി (വീട്ടമ്മമാർക്ക് പ്രതിമാസം 2000 രൂപ), അന്ന ഭാഗ്യ (ബി.പി.എൽ കാർഡുടമകൾക്ക് പ്രതിമാസം 10 കിലോ അരി) എന്നീ ക്ഷേമപദ്ധതികളാണ് കോൺഗ്രസ് സർക്കാറിന്റെ മറ്റു സാമൂഹികക്ഷേമ പദ്ധതികൾ. സർക്കാർ അധികാരമേറ്റതിനു പിന്നാലെ ഇവ ഓരോന്നായി നടപ്പാക്കിയിരുന്നു.