എല്ലുകളുടെ ബലം ആരോഗ്യകരമായ ജീവിതത്തിന് അത്യന്താപേക്ഷിതമാണ്. എല്ലുകളുടെ ആരോഗ്യത്തിനായി വേണ്ട ഒരു ധാതുവാണ് കാത്സ്യം. അത്തരത്തില്‍ എല്ലുകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട കാത്സ്യം അടങ്ങിയ നട്സും ഡ്രൈ ഫ്രൂട്ട്സും ഏതൊക്കെയാണെന്ന് നോക്കാം…
- ഒന്ന്…
- ബദാം ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കാത്സ്യം ധാരാളം അടങ്ങിയ ഒരു നട്സാണ് ബദാം. 28 ഗ്രാം ബദാമില്‍ 76 മില്ലി ഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. വിറ്റാമിന്‍ ഇ, മഗ്നീഷ്യം, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ അടങ്ങിയ ബദാം കഴിക്കുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാനും തലച്ചോറിന്‍റെ ആരോഗ്യത്തിനും ചര്‍മ്മത്തിനും ഗുണം ചെയ്യും.
- രണ്ട്…
- അത്തിപ്പഴം ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയവ അടങ്ങിയ അത്തിപ്പഴം കുതിര്‍ത്ത് കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. 100 ഗ്രാം അത്തിപ്പഴത്തില്‍ 55 മില്ലി ഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്.
- മൂന്ന്…
- ഈന്തപ്പഴമാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. 100 ഗ്രാം ഈന്തപ്പഴത്തില്‍ 64 മില്ലി ഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിനുകളും ഫൈബറും ധാരാളം അടങ്ങിയ ഈന്തപ്പഴം എല്ലുകളുടെ ആരോഗ്യത്തിനൊപ്പം ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
- നാല്…
- പ്രൂണ്‍സാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. 100 ഗ്രാം പ്രൂണ്‍സില്‍ 43 മില്ലി ഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. ആന്‍റി ഓക്സിഡന്‍റുകളും ഫൈബറും പൊട്ടാസ്യവും ധാരാളം അടങ്ങിയ പ്രൂണ്‍സും എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.
- അഞ്ച്…
- അണ്ടിപരിപ്പ് അഥവാ കശുവണ്ടിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീന്‍, ഫൈബര്‍, ആരോഗ്യകരമായ കൊഴുപ്പ്, വിറ്റാമിനുകള്‍ എന്നിവ അടങ്ങിയ അണ്ടിപരിപ്പില്‍ കാത്സ്യവും അടങ്ങിയിട്ടുണ്ട്. അതിനാവ്‍ ഇവ കഴിക്കുന്നതും എല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.
- ആറ്…
- പിസ്തയാണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകളും കാത്സ്യവും ധാരാളം അടങ്ങിയ ഇവയും എല്ലുകള്‍ക്ക് നല്ലതാണ്.
- ഏഴ്…
- വാള്‍നട്സ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. 100 ഗ്രാം വാള്‍നട്സില്‍ 98 മില്ലി ഗ്രാം കാത്സ്യം ഉണ്ട്. കൂടാതെ പ്രോട്ടീനും ഫൈബറും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ വാള്‍നട്സ് കഴിക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.