മണിപ്പൂർ : മണിപ്പൂർ ബിജെപിയിൽ കൂട്ട രാജി തുടരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ട ഒരു ഡസനിലധികം നേതാക്കൾ ഇതിനോടകം പാർട്ടി വിട്ട് മറ്റ് പാർട്ടികളിലേക്ക് കൂറുമാറിയിരുന്നു. നിലവിൽ ബി.ജെ.പിക്കും കോൺഗ്രസിനും ഉണ്ടാകുന്ന നഷ്ട്ടം ജെ.ഡി.യുവിന് നേട്ടമായി മാറുകയാണ്. തെരഞ്ഞെടുപ്പിന് മുമ്പുള്ള ഒരു സഖ്യത്തിനും തയ്യാറല്ലെന്ന് ജെഡിയു സംസ്ഥാന പ്രസിഡൻറ് ഹാങ്ഖാൻപാവോ തൈതുൽ പറഞ്ഞു. കൂറുമാറിയ നേതാക്കളിൽ എട്ട് പേർ ജനതാദളിൽ (യുണൈറ്റഡ്) ചേർന്നിരുന്നു. ഇവരിൽ എംഎൽഎ ക്ഷേത്രം ബിരേൻ, മുൻ എംഎൽഎമാരായ സാമുവൽ ജെൻഡായി, ഖ്വൈരക്പാം ലോകെൻ, മുൻ ചീഫ് സെക്രട്ടറി ഒ നബകിഷോർ, മുൻ പോലീസ് ഡയറക്ടർ ജനറൽ എൽ.എം ഖൗട്ടെ എന്നിവരും ഉൾപ്പെടുന്നു. ബിജെപി നേതാവ് തങ്കം അരുൺകുമാർ, കോൺഗ്രസ് എംഎൽഎ ഖുമുഖം ജോയ്കിസാൻ, സ്വതന്ത്ര എംഎൽഎ അഷാബ് ഉദ്ദീൻ, മുൻ എംഎൽഎമാരായ ഇ ദ്വിജാമണി, അബ്ദുൾ നാസിർ എന്നിവരെ ജെഡിയു നേരത്തെ സ്വാഗതം ചെയ്തിരുന്നു.
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി ജോലി ഉപേക്ഷിച്ച പോലീസ് ഓഫീസർ തൗണോജം ബൃന്ദയും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാർട്ടിയിൽ ചേർന്നു. മേഘാലയ മുഖ്യമന്ത്രി കോൺറാഡ് കെ സാങ്മയുടെ നേതൃത്വത്തിലുള്ള പാർട്ടിയിൽ നിങ്‌തൗജം മാംഗിയും എസ് സോവചന്ദ്രയും ഉൾപ്പെടെ ആറ് ബി.ജെ.പി നേതാക്കളെങ്കിലും ചേർന്നു. ബി.ജെ.പി.യുടെ സഖ്യകക്ഷിയായ നാഷണൽ പീപ്പിൾസ് പാർട്ടിക്കും മുഖ്യധാരാ പാർട്ടികളിലെ നേതാക്കൾക്കിടയിലെ നീരസം നേട്ടമായി. അതേസമയം സീറ്റ് വിതരണ തർക്കം നാഗാ പീപ്പിൾസ് ഫ്രണ്ടിലേക്കും എത്തിയിട്ടുണ്ട്. പാർട്ടിയുടെ മുൻ മന്ത്രി മൊരുങ് മൊകുംഗയ്ക്ക് തെങ്‌നൗപാൽ അസംബ്ലി മണ്ഡലത്തിൽ ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്ന് അനുയായികൾ പ്രതിഷേധ പ്രകടനങ്ങൾ നടത്തുകയും പാർട്ടി പതാകകൾ കത്തിക്കുകയും ചെയ്തു. മലയോര ജില്ലകളിലെ 10 സീറ്റുകളിലാണ് നാഗാ പീപ്പിൾസ് ഫ്രണ്ട് മത്സരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഫെബ്രുവരി 27നും മാർച്ച് 3നുമാണ് രണ്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുന്നത്.