ദില്ലി: ഖത്തറിൽ തടവിലായ ഇന്ത്യക്കാരുടെ വധശിക്ഷ റദ്ദാക്കിയതായി റിപ്പോർട്ട്. മലയാളി ഉൾപ്പടെ 8 പേർക്കാണ് നേരത്തെ വധശിക്ഷ വിധിച്ചിരുന്നത്. ഈ ശിക്ഷ ലഘൂകരിച്ചെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. അപ്പീൽ കോടതിയാണ് തീരുമാനം എടുത്തതെന്നും അടുത്ത നിയമനടപടി ആലോചിച്ച് കൈക്കൊള്ളുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ചാരവൃത്തി ആരോപിക്കപ്പെട്ടാണ് ഇന്ത്യൻ മുൻ നാവിക സേന ഉദ്യോഗസ്ഥരെ ഖത്തറിൽ വധശിക്ഷക്ക് വിധിച്ചത്.
സംഭവത്തിൽ ഇന്ത്യയുടെ അപ്പീൽ ഖത്തർ കോടതി അംഗീകരിച്ചിരുന്നു. 2022 ഓഗസ്റ്റിലാണ് ചാരപ്രവർത്തനത്തിന് എട്ട് പേരെ ഖത്തറിന്റെ രഹസ്യാന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകൾ പുറത്തുവന്നത്. ഇവർക്കെതിരെയുള്ള കുറ്റങ്ങൾ ഖത്തർ അധികൃതർ ഇതുവരെ പരസ്യമാക്കിയിട്ടില്ല. ഇവരുടെ ജാമ്യാപേക്ഷ പലതവണ തള്ളുകയും ഇവർക്കെതിരായ വിധി ഖത്തറിലെ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി കഴിഞ്ഞ മാസം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകല, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ സഞ്ജീവ് ഗുപ്ത, ക്യാപ്റ്റൻ നവതേജ് സിംഗ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വർമ, ക്യാപ്റ്റൻ സൗരഭ് വസിഷ്ത്, നാവികൻ രാഗേഷ് ഗോപകുമാർ എന്നിവരാണ് അറസ്റ്റിലായ ഇന്ത്യൻ നാവികസേനാംഗങ്ങൾ.
ഇന്ത്യൻ നാവികസേനയിൽ 20 വർഷം വരെ ജോലി ചെയ്തവരാണ് പിടിക്കപ്പെട്ടവർ. സേനയിലെ ഇൻസ്ട്രക്ടർമാരുടേതുൾപ്പെടെ സുപ്രധാന സ്ഥാനങ്ങൾ വഹിച്ചവരാണ് ഇവർ. കസ്റ്റഡിയിലെടുത്ത മുൻ ഉദ്യോഗസ്ഥരിൽ ഒരാളുടെ സഹോദരി മീതു ഭാർഗവ തന്റെ സഹോദരനെ തിരികെ കൊണ്ടുവരാൻ സർക്കാരിന്റെ സഹായം തേടിയിരുന്നു. വിഷയത്തിൽ ഇടപെടണമെന്ന് അവർ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർഥിച്ചിരുന്നു.