തിരുവനന്തപുരം: കെ ടി ജലീലിനെതിരെ ലോയേഴ്സ് കോൺഗ്രസ്സിന് പിന്നാലെ കോടതിയലക്ഷ്യനടപടിയുമായി ബിജെപിയും. ക്രിമിനൽ കോടതിയലക്ഷ്യത്തിന് അനുമതി ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി ഏജിയെ സമീപിച്ചു. പ്രതിഫലം പറ്റി ഐസ്ക്രീം കേസിൽ ജസ്റ്റിസ് സിറിയക് ജോോസഫ് വിധി പറഞ്ഞുവെന്ന ജലീലിന്‍റെ പരാമർശം അന്നത്തെ ഹൈക്കോടതി ചീഫ് ജസ്റ്റിസിനെതിരെ ആണ്. ഇത് നീതിന്യായവ്യവസ്ഥയെ ചോദ്യം ചെയ്യുന്നതാണെന്നും ജലീലിനെതിരെ ക്രിമിനൽ കോടതിയലക്ഷ്യത്തിന് അനുമതി വേണമെന്നുമാണ് കത്തിലെ ആവശ്യം.
ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് തക്ക പ്രതിഫലം കിട്ടിയാൽ എന്ത് കടുംകയ്യും ചെയ്യാൻ മടിക്കാത്ത ആളാണെന്നാണ് ജലീലിന്റെ ആരോപണം. ഐസ്ക്രീം കേസിൽ കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാൻ സഹോദര ഭാര്യ ജാൻസി ജെയിംസിന് വിസി പദവി വിലപേശി വാങ്ങിയെന്നും ജലീൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചിരുന്നു. മൂന്നരവർഷത്തിൽ സുപ്രീംകോടതിയിൽ ആറ് കേസുകൾ മാത്രം തീർപ്പാക്കിയ ജസ്റ്റിസ് സിറിയക് ജോസഫ് ലോകായുക്തയായപ്പോൾ തനിക്കെതിരായ കേസിൽ വെളിച്ചത്തെക്കാൾ വേഗത്തിൽ വിധിപുറപ്പെടുവിച്ചു. അഭയ കേസ് അട്ടിമറിക്കാൻ ശ്രമിച്ചു എന്നിങ്ങനെയാണ് ജലീലിന്റെ ആരോപണങ്ങൾ. കെ ടി ജലീലിൻ്റെ പരാമർശങ്ങൾ തള്ളി സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദനടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. വ്യക്തിപരമായ അധിക്ഷേപങ്ങൾ പിന്തുണയ്ക്കേണ്ടെന്നാണ് സിപിഎം നിലപാട്.