തിരുവനന്തപുരം > പൊങ്കൽ തിരക്ക് പ്രമാണിച്ച് ചെന്നൈ – നാഗർകോവിൽ റൂട്ടിൽ സ്‌പെഷ്യൽ വന്ദേഭാരത് എക്‌സ്‌പ്രസ് ജനുവരിയിൽ സർവീസ് നടത്തും. ജനുവരി നാല്, 11, 18, 25 (വ്യാഴാഴ്‌ചകളിൽ) തീയതികളിലാണ് സർവീസ്. ചെന്നൈ എഗ്‌മൂർ – നാഗർകോവിൽ (06067) വന്ദേഭാരത് പുലർച്ചെ 5.15 ന് പുറപ്പെട്ട് പകൽ 2.10 ന് നാഗർകോവിലിൽ എത്തും.
തിരിച്ചുള്ള നാഗർകോവിൽ – ചെന്നൈ എഗ്‌മൂർ (06068) സ്പെഷ്യൽ അന്നേ ദിവസങ്ങളിൽ പകൽ 2.50ന് നാഗർകോവിലിൽനിന്ന് പുറപ്പെടും. രാത്രി 11.45ന് ചെന്നൈയിൽ എത്തും. ചെന്നൈയ്‌ക്കും നാഗർകോവിലിനുമിടയിൽ ഏഴു സ്‌റ്റോപ്പുണ്ടാകും. താംബരം, വില്ലുപുരം, തിരുച്ചിറപ്പള്ളി, ദിണ്ഡിഗൽ, മധുര, വിരുദുനഗർ, തിരുനെൽവേലി എന്നിവയാണ് സ്റ്റോപ്പുകൾ. ഒമ്പതുമണിക്കൂറാണ് യാത്രാസമയം. എട്ട് കോച്ചുകളുള്ള വന്ദേഭാരതിൽ ഒരു എക്‌സിക്യൂട്ടീവ് കോച്ചും ഏഴ് ചെയർകാറും ഉണ്ടാകും. ടിക്കറ്റിന് സ്‌പെഷ്യൽ നിരക്കായിരിക്കും. റിസർവേഷൻ ആരംഭിച്ചു.