തമിഴ് സിനിമ 96ന്റെ രണ്ടാം ഭാഗം വരുന്നുണ്ടെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കി സംവിധായകന്‍ സി. പ്രേംകുമാര്‍ രംഗത്ത്. സൂപ്പര്‍ ഹിറ്റായ സിനിമയുടെ രണ്ടാംഭാഗത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയെന്ന തരത്തില്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് സംവിധായകന്‍ വിശദീകരണവുമായെത്തിയത്. ഇത്തരം റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്നും അത്തരത്തിലുള്ള ഒരു തുടര്‍ച്ചയും ആലോചനയിലില്ലെന്നും അദ്ദേഹം പ്രതികരിച്ചു. വിജയ് സേതുപതിയും തൃഷയും രണ്ടാം ഭാഗത്തിലും എത്തുമെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ പ്രചരിക്കപ്പെട്ടത്.
കേരളത്തിലും തമിഴ്‌നാട്ടിലും തരംഗം സൃഷ്ടിച്ച പ്രണയ ചിത്രം 96ന് രണ്ടാം ഭാഗം വരുന്നുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ മിഴ് പി.ആര്‍.ഒ ആയ ക്രിസ്റ്റഫര്‍ കനകരാജ് ട്വിറ്ററിലൂടെയാണ് പങ്കുവെച്ചത്. ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നാണ് സംവിധായകന്‍ പ്രതികരിച്ചത്. തൃഷ, വിജയ് സേതുപതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സി. പ്രേംകുമാര്‍ സംവിധാനം നിര്‍വഹിച്ച ചിത്രം വന്‍ വിജയം നേടിയിരുന്നു. ജനകരാജ്, വിനോദിനി, കാളി വെങ്കട് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. മദ്രാസ് എന്റര്‍പ്രൈസസിന്റെ ബാനറില്‍ എസ്. നന്ദഗോപാലാണ്ചിത്രം നിര്‍മ്മിച്ചത്. മഹേന്ദ്രന്‍ ജയരാജും എന്‍. ഷണ്‍മുഖ സുന്ദരവുമാണ് ഛായാഗ്രാഹണം നിര്‍വഹിച്ചത്. ഗാവിന്ദ് വസന്തയുടെ സംഗീതത്തില്‍ പുറത്തുവന്ന ഗാനങ്ങളും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ചിത്രം തെലുങ്കിലും കന്നഡയിലും റീമേക്ക് ചെയ്തിട്ടുണ്ട്.
1996 ബാച്ചിലെ സ്‌കൂള്‍ സഹപാഠികള്‍ 22 വര്‍ഷങ്ങള്‍ക്കുശേഷം ഒരുമിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. സ്‌കൂള്‍ കാലത്ത് പ്രണയത്തിലായിരുന്ന ജാനകിയും രാമചന്ദ്രനും വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുമ്പോഴുള്ള ഓര്‍മ്മകളുടെ അയവിറക്കലും തുടര്‍ന്നുള്ള സംഭവവികാസങ്ങളും വളരെ ഹൃദ്യമായാണ് സിനിമയില്‍ അവതരിപ്പിച്ചത്. അതുകൊണ്ടുതന്നെ പരലുടെയും ഇഷ്ടസിനിമകളുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്താണ് 96ന്റെ സ്ഥാനം. ചിത്രത്തിന്റെ രണ്ടാംഭാഗം വരുന്നുണ്ടെന്ന വാര്‍ത്തകളെ പ്രേക്ഷകര്‍ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലാണ് സംവിധായകന്‍ തന്നെ വിശദീകരണവുമായി രംഗത്തെത്തിയത്.