ന്യൂഡൽഹി: രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങുമായി ബന്ധപ്പെട്ട പരസ്യപ്രതികരണത്തിന് കോൺഗ്രസിൽ വിലക്ക്. നേതാക്കളുടെ പ്രതികരണങ്ങളിൽ അതൃപ്തിയെ തുടർന്നാണ് ഹൈകമാൻഡ് തീരുമാനമെന്നാണ് റിപ്പോർട്ട്. ബി.ജെ.പിയുടെ അജണ്ടയിൽ വീഴരുതെന്നാണ് നേതാക്കൾക്ക് നേതൃത്വത്തിന്‍റെ മുന്നറിയിപ്പ്.അയോധ്യയിൽ നിർമിച്ച രാമക്ഷേത്രത്തിന്‍റെ പ്രതിഷ്ഠ ചടങ്ങളിൽ ക്ഷണം സ്വീകരിച്ച് പങ്കെടുക്കണോ വേണ്ടയോ എന്ന കാര്യത്തിൽ കോൺഗ്രസ് ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. കോൺഗ്രസിന്‍റെ സംസ്ഥാന ഘടകങ്ങളിൽ പലതും വിയോജിപ്പാണ് അറിയിച്ചിരിക്കുന്നത്. വിഷയത്തിൽ വിവിധ നേതാക്കൾ പ്രതികരണവുമായി കഴിഞ്ഞ ദിവസങ്ങളിൽ രംഗത്തുവന്നിരുന്നു.
കേരളത്തിലെയും നേതാക്കൾ വിഷയത്തിൽ പ്രതികരണം നടത്തിയിരുന്നു. വിഷയത്തിൽ കോൺഗ്രസിന് തീരുമാനമെടുക്കാൻ സമയംതരണമെന്നാണ് ശശി തരൂർ എം.പി പറഞ്ഞത്. വിഷയത്തിൽ നിലപാട് സ്വീകരിക്കേണ്ടത് കോൺഗ്രസ് ഹൈകമാൻഡ് ആണെന്നാണ് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ പ്രതികരിച്ചത്. കോൺഗ്രസ് പങ്കെടുക്കുമോ എന്ന കാര്യത്തിൽ കൃത്യ സമയത്ത് ഉത്തരംകിട്ടുമെന്നാണ് കെ.സി. വേണുഗോപാൽ പറഞ്ഞത്.
ഇൻഡ്യ മുന്നണിയിൽ ഇക്കാര്യത്തിൽ ഭിന്നാഭിപ്രായമാണ്. രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിന ചടങ്ങിലേക്ക് ക്ഷണം ലഭിച്ചതിന് പിന്നാലെ അത് നിരസിച്ച് സി.പി.എം രംഗത്തെത്തിയിരുന്നു. ചടങ്ങിൽ പങ്കെടുക്കില്ലെന്നാണ് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിയുടെ നിലപാട്. എന്നാൽ, ഇതുവരെ ക്ഷണം ലഭിച്ചിട്ടില്ലെന്നും ക്ഷേത്രം യാഥാർഥ്യമാകുന്നതിൽ സന്തോഷമുണ്ടെന്നുമാണ് നേരത്തെ എൻ.സി.പി അധ്യക്ഷൻ ശരത് പവാർ പറഞ്ഞിരുന്നത്. പ്രതിഷ്ഠാദിന ചടങ്ങിൽ ക്ഷണമില്ലെങ്കിലും പങ്കെടുക്കുമെന്നാണ് ശിവസേന ഉദ്ധവ് വിഭാഗത്തിന്റെ നിലപാട്. പരിപാടിയിൽ പങ്കെടുക്കാൻ ഉദ്ധവിന് ക്ഷണം ആവശ്യമില്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് വ്യക്തമാക്കിയത്.