തൃശൂർ: ലോകത്തിലെ സകല ജനങ്ങളുടെയും നന്മയും ക്ഷേമവും ലക്ഷ്യംവെച്ച് ഹാരിസ് രാജ് നടക്കാനൊരുങ്ങുകയാണ്. കേരളത്തിന്റെ തെക്കേയറ്റം മുതൽ വടക്കേയറ്റം വരെ. താൻ രചിച്ച ‘സത്യവേദവചനങ്ങൾ’ എന്ന പുസ്തകത്തിന്റെ രൂപവും പേറിയാണ് യാത്ര. തൃശൂർ മണ്ണുത്തി ഒല്ലൂക്കര കുളമ്പിൽ പടിഞ്ഞാക്കര വീട്ടിൽ ഹാരിസ് രാജാണ് കന്യാകുമാരി മുതൽ കാസർകോട് വരെ കാൽനടയാത്രക്ക് ഒരുങ്ങുന്നത്. ജനുവരി ഒന്നിന് രാവിലെ എട്ടിന് നടന്നു തുടങ്ങും.സൗദിയിൽ മെക്കാനിക്കൽ എൻജിനീയറായിരുന്നു ഹാരിസ്. വിവിധ മതഗ്രന്ഥങ്ങളിലെ സാരാംശങ്ങൾ ക്രോഡീകരിക്കണമെന്ന ആഗ്രഹം പ്രവാസിയായിരിക്കെയാണ് മനസ്സിലുദിച്ചത്.
സൗദിയിൽ വെച്ചുതന്നെ പുസ്തകം എഴുതാനുള്ള ശ്രമം തുടങ്ങി. ഒടുവിൽ അഞ്ചര വർഷം മുമ്പ് പുസ്തകം പൂർത്തിയാക്കുന്നതിനായി നാട്ടിലെത്തി. ഏറെക്കാലമെടുത്താണ് 1008 പേജുള്ള പുസ്തകം യാഥാർഥ്യമാക്കിയത്. ബൈബിൾ, ഖുർആൻ, ഭഗവത് ഗീത, വേദങ്ങൾ, ഉപനിഷത്തുകൾ എന്നിവയിൽനിന്നും ശേഖരിച്ച ആപ്തവാക്യങ്ങൾ പുതിയ കാലത്തെ തലമുറക്ക് വേഗത്തിൽ മനസ്സിലാകുന്ന തരത്തിലാണ് തയാറാക്കിയതെന്ന് ഹാരിസ് രാജ് പറയുന്നു. ഗ്രന്ഥങ്ങളിലെ ആഹ്വാനങ്ങളുടെ പ്രചാരണമാണ് യാത്രയിലൂടെ ലക്ഷ്യംവെക്കുന്നത്. ജാതി, മത, വർഗ, വർണ വിവേചനങ്ങളില്ലാതെ മനുഷ്യരെല്ലാം ഒന്നാണെന്ന സന്ദേശമാണ് യാത്രയിലൂടെ നൽകുന്നത്. ‘മതസൗഹാർദ സന്ദേശ സഹനയാത്ര’ എന്നാണ് പേരിട്ടത്.
പുസ്തകത്തിന്റെ ആറടി ഉയരവും മുന്നൂറ് കിലോ ഭാരവുമുള്ള രൂപം ചക്രവണ്ടിയിൽ ഘടിപ്പിച്ച് അതും തള്ളിയാണ് യാത്ര. കന്യാകുമാരിയിലെ ത്രിവേണി സംഗമത്തിൽനിന്ന് തുടങ്ങുന്ന യാത്ര കാസർകോട് മഞ്ചേശ്വരത്ത് അവസാനിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്. ഒരു ദിവസം പത്ത് കിലോമീറ്റർ വീതം പിന്നിട്ട് മാർച്ച് ആദ്യം യാത്ര പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഹാരിസ് പറയുന്നു. രണ്ട് മക്കളും ഭാര്യയും തന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി കൂടെയുണ്ടെന്ന് അദ്ദേഹം പറയുന്നു.