വർക്കല: ആധുനിക കേരളത്തിന് തറക്കല്ലിട്ട മഹാത്മാവാണ് ശ്രീനാരായണ ഗുരുവെന്ന് മന്ത്രി എം.ബി. രാജേഷ്. ശിവഗിരി തീർഥാടനത്തിന്റെ ഭാഗമായി ആശാന് ദേഹവിയോഗ ശതാബ്ദി ആചരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗുരുവുമായുള്ള കൂടിക്കാഴ്ചയാണ് കുമാരനാശാനെ പാകപ്പെടുത്തിയത്. ചെറിയ കവിതകള്‍ രചിച്ചു നടന്ന വേളയില്‍ ഗുരുവിന്റെ അനുഗ്രഹമായിരുന്നു ആശാനെ അടിമുടി മാറ്റിയത്. അനാചാരങ്ങള്‍ക്കെതിരെ തൂലിക ചലിപ്പിച്ച മഹാകവിയാണ് കുമാരനാശാൻ. സാമൂഹിക പ്രശ്നങ്ങളെ മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള രചനകളായിരുന്നു ആശാന്റേതെന്നും മന്ത്രി പറഞ്ഞു. ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിച്ചു. മുന്‍മന്ത്രി സി. ദിവാകരന്, പ്രഫ. വിശ്വമംഗലം സുന്ദരേശന്, ഡോ.എം.ആര്. തമ്പാൻ, പ്രഫ. സഹൃദയന് തമ്പി, പ്രഫ.എം. ചന്ദ്രബാബു, മലയാലപ്പുഴ സുധന്, അയിലം ഉണ്ണികൃഷ്ണന്, ഡോ.ബി. ഭുവനേന്ദ്രന്, ഡോ. സിനി, ഡോ. എസ്. ജയപ്രകാശ്, അനീഷ് എന്നിവര്‍ സംസാരിച്ചു. ഗാന്ധിഭവന് ഡയറക്ടര്‍ പുനലൂര്‍ സോമരാജനെ ചടങ്ങിൽ ആദരിച്ചു. ജയന് തിരുവനന്തപുരം രചിച്ച ‘കേരളത്തിലെ ഈഴവരുടെ ചരിത്രം’ ഗ്രന്ഥം സ്വാമി സച്ചിദാനന്ദ മന്ത്രിക്ക് നല്കി പ്രകാശനം ചെയ്തു.