തിരുവനന്തപുരം: രാമചന്ദ്രൻ കടന്നപ്പള്ളിയും കെ.ബി. ഗണേഷ് കുമാറും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മന്ത്രിമാരായിരുന്ന ആന്റണി രാജു, അഹമ്മദ് ദേവർകോവിൽ എന്നിവർ എൽ.ഡി.എഫിലെ ധാരണയനുസരിച്ച് രാജിവെച്ച ഒഴിവിലാണ് ഇരുവരും മന്ത്രിമാരായത്. രാമചന്ദ്രൻ കടന്നപ്പള്ളി സഗൗരവം പ്രതിജ്ഞയെടുത്തപ്പോൾ കെ.ബി. ഗണേഷ് കുമാർ ദൈവനാമത്തിലാണ് പ്രതിജ്ഞ ചൊല്ലിയത്.
ഗതാഗത വകുപ്പാണ് കേരള കോൺഗ്രസ് (ബി) നേതാവായ കെ.ബി. ഗണേഷ് കുമാറിന്. സിനിമ വകുപ്പ് കൂടി ലഭിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ലഭിച്ചില്ല. രാമചന്ദ്രൻ കടന്നപ്പള്ളിക്ക് അഹമ്മദ് ദേവർകോവിൽ വഹിച്ച തുറമുഖ വകുപ്പ് ഉൾപ്പെടെയുള്ള ചുമതലകളാണ് ലഭിച്ചത്.
ഗവർണറും സർക്കാറും തുറന്ന പോരാട്ടം പ്രഖ്യാപിച്ചതിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനും ഗവർണറും ഒരുമിച്ച് വേദി പങ്കിടുന്ന ചടങ്ങായിരുന്നു നടന്നത്. ചടങ്ങുകൾക്ക് ശേഷം ഗവർണർ മുഖ്യമന്ത്രിയെ നോക്കാതെ കടന്നുപോയി. വേദിയിലിരുന്ന മുഖ്യമന്ത്രിയും ഗവർണറെ ശ്രദ്ധിച്ചില്ല. അതൃപ്തി പ്രകടിപ്പിക്കുന്ന രീതിയിലായിരുന്നു ഇരുവരുടെയും പെരുമാറ്റം.
സത്യപ്രതിഞ്ജയക്ക് പിന്നാലെ ഗവർണറുടെ ചായസത്കാരം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും മുഖ്യമന്ത്രി പങ്കെടുത്തില്ല. യു.ഡി.എഫ് സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിക്കുമെന്ന് അറിയിച്ചിരുന്നു.