തിരുവനന്തപുരം: മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തശേഷം ആദ്യമായി മാധ്യമങ്ങളോട് പ്രതികരിച്ച് കെബി ഗണേഷ് കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും. പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ചും കെഎസ്ആര്‍ടിസിയെ അപകടാവസ്ഥയില്‍നിന്ന് കരകയറ്റുമെന്നും വ്യക്തമാക്കിയായിരുന്നു മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ പ്രതികരണം. ഏതുവകുപ്പായാലും സത്യസന്ധമായി കൈകാര്യം ചെയ്യുമെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയും പറഞ്ഞു. മുഖ്യമന്ത്രി നല്‍കുന്ന ഏതു വകുപ്പും നല്ലരീതിയില്‍ കൈകാര്യം ചെയ്യും. ഏതു വകുപ്പാണെന്ന കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാനായില്ലെങ്കിലും ഇപ്പോഴുള്ള അപകടാവസ്ഥയില്‍നിന്ന് കരകയറ്റാനുള്ള പരമാവധി ശ്രമം ഉണ്ടാകും. അതിന് കഴിയുമെന്ന പ്രതീക്ഷയുണ്ട്. അതിനായി തൊഴിലാളികളും യൂനിയനുകളും സഹകരിക്കുമെന്നാണ് പ്രതീക്ഷ. ഓട്ടോ മൊബൈല്‍ കാര്യങ്ങളില്‍ ഇഷ്ടമുള്ള വ്യക്തിയായതിനാല്‍ തന്നെ പരിഷ്കരണങ്ങള്‍ വേഗത്തിലാക്കാന്‍ ശ്രമിക്കും. ഒന്നും വെച്ച് താമസിപ്പിക്കില്ല. രണ്ടരവര്‍ഷമാണ് ഇനിയുള്ളത്. അതിനാല്‍ അതിനുള്ളില്‍ നല്ലകാര്യങ്ങള്‍ ചെയ്ത് സര്‍ക്കാരിന് സല്‍പ്പേരുണ്ടാക്കാന്‍ ശ്രമിക്കും. എല്ലാം പഠിക്കാന്‍ ഒരാഴ്ച സമയം വേണമെന്നും കമ്പ്യൂട്ടറൈസേഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടപ്പാക്കുമെന്നും കെബി ഗണേഷ് കുമാര്‍ പറഞ്ഞു. തനിക്കെതിരെ കോണ്‍ഗ്രസ് കൊടുത്ത കേസില്‍ അവരില്‍ പലരുമാണ് കുറ്റക്കാര്‍. പുറകെ നടന്ന് ഉപദ്രവിക്കുന്ന രീതി തനിക്കില്ല.
തന്നെ ബഹിഷ്കരിക്കുന്ന പ്രതിപക്ഷത്തിന്‍റെ നയം എന്തിനാണെന്ന് മനസിലാകുന്നില്ല. അവരെയാണ് ബഹിഷ്കരിക്കേണ്ടത്. കോണ്‍ഗ്രസുകാര്‍ കള്ളസാക്ഷി പറഞ്ഞ കേസാണ് കോടതിയിലുള്ളത്. എല്ലാം കാലം തെളിയിക്കും. പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും നവകേരള സദസിനെതിരെ ഉള്‍പ്പെടെ അവര്‍ പ്രതിഷേധിച്ചത് എന്തിനുവേണ്ടിയാണെന്നും കെബി ഗണേഷ് കുമാര്‍ ചോദിച്ചു.