കാട്ടാക്കട : ക്രിസ്‌മസ് ദിനത്തിൽ വൈകിട്ട് കാട്ടാക്കട 110 കെവി സബ് സ്റ്റേഷനിൽ വൻ തീപിടിത്തം. വൈദ്യുതിവകുപ്പ് ജീവനക്കാരും അഗ്നിരക്ഷാ സേനയും എത്തി തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തിൽ ആളപായം ഇല്ല. തിങ്കൾ വൈകിട്ട് നാലരയോടെ സബ് സ്റ്റേഷനിലെ ട്രാൻസ്ഫോർമർ ഒന്നിലാണ് തീ പടർന്നത്. ട്രാൻസ്ഫോർമറിലെ ഓയിലിൽ തീ പടരുകയും പിന്നീട് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും വൻ അഗ്‌നിഗോളങ്ങൾ ആകാശത്തേക്കുയരുകയും ഉണ്ടായി. ഇതോടെ ജീവനക്കാർ ഓടിയെത്തി അത്യാഹിത രക്ഷാ ഉപകരണങ്ങൾ പ്രയോഗിച്ചു. തീ കൂടുതൽ കത്താൻ തുടങ്ങിയെങ്കിലും കാട്ടാക്കട അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റ് എത്തി തീ നിയന്ത്രണ വിധേയമാക്കി. അഗ്നിരക്ഷാസേനയുടെ വാഹനത്തിന് തീ പടരുന്ന ട്രാൻസ്ഫോർമറിന് അടുത്ത് എത്താൻ ഇടുങ്ങിയ വഴി തടസ്സമായി. തുടർന്ന് ഒന്നര മണിക്കൂറോളമെടുത്താണ് തീയണയ്‌ക്കാനായത്. കൂടുതൽ പരിശോധനയ്ക്ക് ശേ ഷമേ തീപിടിത്ത കാരണം വ്യക്തമാകൂ എന്ന് അധികൃതർ പറഞ്ഞു. സംഭവത്തെ തുടർന്ന് കാട്ടാക്കട പ്രദേശത്ത് വൈദ്യുതി തടസ്സം നേരിട്ടു. കാട്ടാക്കട അഗ്നിരക്ഷാസേന സ്റ്റേഷൻ മാസ്റ്റർ തുളസീധരൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പ്രശോഭ്, സജീവ് രാജ്, ശ്രീകണ്ഠൻ, അഭിലാഷ്, സജു, മഹേന്ദ്രൻ, വിഷ്ണു മോഹൻ, ബാലചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് തീപിടിത്തം നിയന്ത്രണ വിധേയമാക്കിയത്.