കൊച്ചി> പശ്ചിമകൊച്ചിയിലെ പുതുവത്സരാഘോഷങ്ങള്‍ക്ക് ഇക്കുറി എല്ലാവരും ഇടിച്ചുകയറി പോകണ്ട. മുന്‍വര്‍ഷമുണ്ടായ വന്‍ ജനത്തിരക്കിന്റെയും അനിഷ്ടസംഭവങ്ങളുടെയും പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയും നിയന്ത്രണങ്ങളുമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ജനത്തിരക്ക് നിയന്ത്രിക്കുന്നതോടൊപ്പം സൗകര്യപ്രദമായ വാഹന പാര്‍ക്കിങ്, ശുചിമുറികള്‍, ചികിത്സ, കുടിവെള്ളം എന്നിവയും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മേയര്‍ എം അനില്‍കുമാര്‍ പറഞ്ഞു. ഹൈബി ഈഡന്‍ എംപി, കെ ജെ മാക്സി എംഎല്‍എ, സബ് കലക്ടര്‍ കെ മീര, മട്ടാഞ്ചേരി എസിപി കെ ആര്‍ മനോജ്, ഡെപ്യൂട്ടി കലക്ടര്‍ ഉഷ ബിന്ദുമോള്‍ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
തിരക്ക് നിയന്ത്രിക്കും
പുതുവര്‍ഷത്തലേന്ന് വൈകിട്ട് നാലുവരെമാത്രമേ വൈപ്പിനില്‍നിന്ന് ഫോര്‍ട്ട് കൊച്ചിയിലേക്കുള്ള റോ റോ സര്‍വീസിലൂടെ വാഹനങ്ങള്‍ക്ക് വരാനാകൂ. യാത്രികര്‍ക്ക് രാത്രി ഏഴുവരെ പോകാം. ഏഴിനുശേഷം ഫോര്‍ട്ട് കൊച്ചിയിലേക്ക് റോ റോ ഉണ്ടാകില്ല.
നാലിനുശേഷം ഫോര്‍ട്ട് കൊച്ചിയിലേക്ക് വാഹനം കടത്തിവിടില്ല. ജനത്തിരക്ക് ക്രമാതീതമായാല്‍ നാലിനു മുമ്പുതന്നെ സ്വീഫ്റ്റ് ജങ്ഷന്‍, ബിഒടി, കണ്ണങ്ങാട്ട്, ഇടക്കൊച്ചി, കുമ്പളങ്ങി-, പഴങ്ങാട്, കണ്ടക്കടവ് എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ തടഞ്ഞ് ഗതാഗതം ക്രമപ്പെടുത്തും.
മൈതാനത്ത് ബാരിക്കേഡ്
ആഘോഷങ്ങളുടെ പ്രധാന വേദിയായ പരേഡ് ഗ്രൗണ്ട് ബാരിക്കേഡ് സ്ഥാപിച്ച് പലകള്ളികളായി തിരിക്കും. നിശ്ചിത എണ്ണം ആളുകളെമാത്രമാകും കള്ളികളില്‍ പ്രവേശിപ്പിക്കുക. ഓരോ കള്ളിയിലേക്ക് കടക്കാനും പുറത്തിറങ്ങാനും വലിയ കവാടങ്ങളുണ്ടാകും. മൈതാനം നിറയുന്നതോടെ അവിടേക്കും റോഡുകള്‍ നിറയുന്നതോടെ ആ പ്രദേശത്തേക്കും പ്രവേശനം തടയും.
പരമാവധി നാല്‍പ്പതിനായിരത്തോളം പേര്‍ക്കാണ് ഗ്രൗണ്ടില്‍ പ്രവേശിക്കാനാകുക.
പാര്‍ക്കിങ്ങിന് സൗകര്യം
വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പുതുതായി 23 ഇടങ്ങളില്‍ വിശാലസൗകര്യമുണ്ടാകും. കാടും പടലുമൊക്കെയായിക്കിടന്ന പ്രദേശങ്ങള്‍ വൃത്തിയാക്കിയാണ് സൗകര്യമൊരുക്കിയത്. പതിവായി റോഡരികില്‍ പാര്‍ക്ക് ചെയ്യുന്ന ഫോര്‍ട്ട് കൊച്ചി നിവാസികളുടെയും സഞ്ചാരികളുടെയും വാഹനങ്ങള്‍ക്ക് മറ്റിടങ്ങളില്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുണ്ട്. ആവശ്യമെങ്കില്‍ ഐലന്‍ഡ് പ്രദേശം ഉള്‍പ്പെടെ പാര്‍ക്കിങ്ങിന് ഉപയോഗിക്കും.
റോ റോ, ബോട്ട് രാത്രി 7 വരെമാത്രം
മുപ്പത്തൊന്നിന് രാത്രി ഏഴിനുശേഷം ഫോര്‍ട്ട് കൊച്ചിയിലേക്ക് റോ റോ, ബോട്ട് സര്‍വീസ് ഉണ്ടാകില്ല. വൈകിട്ട് നാലുവരെ വൈപ്പിനില്‍നിന്ന് ഫോര്‍ട്ട് കൊച്ചിയിലേക്കുള്ള റോ- റോ സര്‍വീസിലൂടെ വാഹനങ്ങള്‍ക്ക് വരാം. യാത്രികര്‍ക്ക് രാത്രി ഏഴുവരെ എത്താം. രണ്ട് റോ റോകളും രാത്രി 12നുശേഷം ഫോര്‍ട്ട് കൊച്ചിയില്‍നിന്ന് സര്‍വീസ് പുനരാരംഭിക്കും.
31ന് വൈകിട്ട് നാലിനുശേഷം ഫോര്‍ട്ട് കൊച്ചിയിലേക്ക് വാഹനം കടത്തിവിടില്ല. പശ്ചിമകൊച്ചി നിവാസികള്‍ക്കും ഹോട്ടലുകളില്‍ താമസിക്കുന്ന ടൂറിസ്റ്റുകള്‍ക്കും തിരിച്ചറിയല്‍ രേഖകള്‍ കാണിച്ച് യാത്ര ചെയ്യാം.
മട്ടാഞ്ചേരിയില്‍ താല്‍ക്കാലിക ബസ് സ്റ്റാന്‍ഡ്
ഫോര്‍ട്ട് കൊച്ചിയില്‍ തിരക്കാകുന്നതോടെ കൊച്ചിന്‍ കോളേജ് ഗ്രൗണ്ടില്‍ സജ്ജമാക്കിയ താല്‍ക്കാലിക ബസ് സ്റ്റാന്‍ഡില്‍ സര്‍വീസ് അവസാനിപ്പിക്കും. ഫോര്‍ട്ട് കൊച്ചിയില്‍നിന്ന് മടങ്ങുന്നവര്‍ക്ക് ഇവിടെനിന്ന് ബസ് കിട്ടും. ഇവിടെനിന്നുള്ള ബസുകള്‍ പാണ്ടിക്കുടി– സ്റ്റാച്യു– കുമാര്‍ പമ്പ് ജങ്ഷന്‍– പരിപ്പ് ജങ്ഷന്‍വഴി തോപ്പുംപടി, എറണാകുളം ഭാഗത്തേക്ക് പോകണം.
1000 പൊലീസ്, 100 കാമറ
പത്ത് എസിപിമാര്‍, 25 സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ ആന്‍ഡ് കമാന്‍ഡ് സെന്ററും ആയിരത്തിലേറെ പൊലീസും സുരക്ഷയ്ക്ക് ഉണ്ടാകും. നൂറിലേറെ കാമറകളും വിവിധ ഇടങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്. ഫോര്‍ട്ട് കൊച്ചിയിലേക്ക് വരുന്ന എല്ലാ വാഹനങ്ങളിലും വിവിധ പോയിന്റുകളില്‍ പരിശോധനയുണ്ടാകും. സിവിലിയന്‍ വനിതാ പൊലീസും രംഗത്തുണ്ടാകും. പുതുവര്‍ഷപ്പിറവിസമയത്ത് വൈദ്യുതി തടസ്സപ്പെടുന്നത് തടയാന്‍ എല്ലാ ട്രാന്‍സ്ഫോര്‍മറുകള്‍ക്കും കാവല്‍ ഏര്‍പ്പെടുത്തും.
അടിയന്തരഘട്ടത്തില്‍ പ്രവര്‍ത്തിപ്പിക്കാനുള്ള അസ്‌ക ലൈറ്റുകളും സജ്ജമാക്കും.
പരിപാടികള്‍ പുലര്‍ച്ചെ ഒന്നുവരെ
പുതുവര്‍ഷപ്പിറവി ആഘോഷത്തിനുപിന്നാലെ ജനക്കൂട്ടം ഒന്നിച്ച് തിരക്കുകൂട്ടി പിരിയുന്നത് ഒഴിവാക്കാന്‍ പാപ്പായെ കത്തിക്കലിനുശേഷവും പ്രധാന വേദിയിലെ കലാപരിപാടികള്‍ തുടരും. പുലര്‍ച്ചെ ഒന്നുവരെ ആഘോഷങ്ങള്‍ നീളും. മുന്‍വര്‍ഷം ജനക്കൂട്ടം തിക്കിത്തിരക്കി സ്ഥലംവിട്ടതാണ് അനിഷ്ടസംഭവങ്ങള്‍ക്ക് കാരണമായത്.
ആംബുലന്‍സിന് റോഡ് ഒഴിച്ചിടും
അടിയന്തരസാഹചര്യമുണ്ടായാല്‍ ആംബുലന്‍സുകള്‍ക്കും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും സൗകര്യമൊരുക്കാന്‍ നിശ്ചിത റോഡുകള്‍ ആരെയും പ്രവേശിപ്പിക്കാതെ ഒഴിച്ചിടും. വാട്ടര്‍ ആംബുലന്‍സും സജ്ജമായിരിക്കും. മിനി ട്രോമാകെയര്‍ സൗകര്യത്തോടെ ഫ്രീഡം ജയിലില്‍ താല്‍ക്കാലിക ആശുപത്രി പ്രവര്‍ത്തിക്കും. സമീപ ആശുപത്രികളില്‍ കിടക്കകള്‍, അടിയന്തര ചികിത്സാസംവിധാനങ്ങള്‍ എന്നിവ സജ്ജമാക്കിവയ്ക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.