കോഴിക്കോട്: മാവോവാദി പ്രവർത്തനത്തിന് വയനാട്ടിൽനിന്ന് അറസ്റ്റുചെയ്ത ഉണ്ണിമായ വീണ്ടും ജുഡീഷ്യൽ കസ്റ്റഡിയിൽ. വെള്ളിയാഴ്ച തണ്ടർബോൾട്ട് അടക്കമുള്ളവരുടെ വൻ സുരക്ഷയിലാണ് പൊലീസ് ജില്ല കോടതിയിൽ ഹാജരാക്കിയത്. യു.എ.പി.എ കോടതിയായ പ്രിൻസിപ്പൽ ജില്ല സെഷൻസ് കോടതിയുടെ ചുമതലയുള്ള മൂന്നാം അഡീഷനൽ സെഷൻസ് ജഡ്ജി ആർ. മധു ജനുവരി 24വരെ ഇവരെ റിമാൻഡ് ചെയ്തു. ശനിയാഴ്ച വരെയാണ് കസ്റ്റഡിയിൽ നൽകിയിരുന്നതെങ്കിലും പൊലീസ് തെളിവെടുപ്പ് പൂർത്തിയാക്കി ഇന്നലെ തന്നെ ഹാജരാക്കുകയായിരുന്നു.
കോഴിക്കോട് റൂറൽ മേഖലയിൽ 11 കേസുകളിൽ പ്രതിയാണെന്ന് പൊലീസ് ആരോപിക്കുന്ന ഉണ്ണിമായയെ ഈ ഭാഗങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷമാണ് ഹാജരാക്കിയത്. കോടഞ്ചരി, കാരാട്ട്പാറ മേഖലയിൽ ഉണ്ണിമായയും സംഘവും എത്തിയെന്നാണ് കേസ്. ഇവിടെയും മാവോവാദി സാന്നിധ്യമുണ്ടെന്ന് പറയുന്ന ഭാഗങ്ങളിലും തെളിവെടുപ്പ് നടത്തി.
മുത്തപ്പൻപുഴ അങ്ങാടിയിലെ മാവോവാദി പോസ്റ്റർ പ്രത്യക്ഷപ്പെട്ട സ്ഥലം, മാവോവാദികളെന്ന് കരുതുന്നവർ ചായ കുടിച്ച കട, സന്ദർശിച്ചെന്ന് കരുതുന്ന വീടുകളിലെ താമസക്കാർ തുടങ്ങിയവയിൽനിന്ന് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. മുത്തപ്പൻപുഴയിൽ മാവോവാദി സാന്നിധ്യമുണ്ടെന്ന് നേരത്തെ പൊലീസ് സ്ഥിരീകരിച്ചിരുന്നു.
മാവോവാദികളുടെ പേരിൽ പോസ്റ്ററും ഇവിടത്തെ അങ്ങാടിയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. പ്രദേശത്തെ ചില വീടുകളിൽ ഭക്ഷണ സാധനങ്ങൾ ആവശ്യപ്പെട്ട് മാവോവാദികളെന്ന് സംശയിക്കുന്നവർ എത്തിയിരുന്നു.
നവംബർ എട്ടിന് വയനാട് മാനന്തവാടി ചപ്പാരം കോളനിയിൽവെച്ച് തമിഴ്നാട് പൊള്ളാച്ചി സ്വദേശി ചന്ദ്രുവിനൊപ്പമാണ് ഉണ്ണിമായയെ അറസ്റ്റ് ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. സി.പി.ഐ (മാവോയിസ്റ്റ്) കബനി മേഖല അംഗങ്ങളാണെന്നാണ് കേസ്.