കൊച്ചി: കളിക്കുന്നതിനിടെ അബദ്ധത്തിൽ വിഴുങ്ങിയ സൂചി ഏഴ് വയസ്സുകാരന്റെ ശ്വാസകോശത്തിൽ നിന്ന് പുറത്തെടുത്തു. അമൃത ആശുപത്രിയിൽ ചീഫ് ഇന്റർവെൻഷനൽ പൾമണോളജിസ്റ്റ് ഡോ.ടിങ്കു ജോസഫിന്റെ നേതൃത്വത്തിലാണ് കുട്ടിയുടെ ശ്വാസകോശത്തിൽ കുടുങ്ങിയ അഞ്ച് സെന്റിമീറ്ററോളം നീളമുള്ള സൂചി റിജിഡ് ബ്രോങ്കോസ്കോപിയിലൂടെ പുറത്തെടുത്തത്. മാലിദ്വീപ് സ്വദേശിയായ കുട്ടി ഈ മാസം 22 നാണ് വസ്ത്രങ്ങളിൽ ഉപയോഗിക്കുന്ന വലിയ സൂചി (ഹിജാബ് പിൻ) കളിക്കുന്നതിനിടെ അബദ്ധത്തിൽ വിഴുങ്ങിയത്. ഇതേതുടർന്ന് രക്തസ്രാവം അനുഭവപ്പെട്ട കുട്ടിയെ ഉടൻ തന്നെ മാലിദ്വീപിലുള്ള ഇന്ദിരാഗാന്ധി മെമോറിയൽ ഹോസ്പിറ്റലിൽ എത്തിച്ചു. പിന്നീട് എക്സ്റേ പരിശോധനയിലാണ് സൂചി അപകടകരമായ നിലയിൽ ഇടതുവശത്തെ ശ്വാസകോശത്തിന്റെ ഏറ്റവും അടിത്തട്ടിൽ ലോവർ ലോബിനോട് ചേർന്ന് തിരശ്ചീനമായി കിടക്കുന്നതായി കണ്ടെത്തിയത്.കടുത്ത ചുമയും രക്തസ്രാവവും തുടരുന്നതിനിടെ കുട്ടിയെ വിദഗ്ധ ചികിത്സക്കായി അടിയന്തരമായി ഹെലികോപ്റ്ററിൽ മാലിദ്വീപിൽനിന്ന് കൊച്ചിയിലേക്കെത്തിക്കുകയായിരുന്നു. ഡോ. ടിങ്കു ജോസഫിന്റെ നേതൃത്വത്തിൽ മൂന്നരമണിക്കൂറോളം നീണ്ട റിജിഡ് ബ്രോങ്കോസ്കോപ്പി നടപടിക്രമത്തിലൂടെയാണ് സൂചി പുറത്തെടുത്തത്.
അപകടസാധ്യതകൾ ഒഴിവാക്കാൻ അഗ്രഭാഗം ശ്വാസകോശത്തിനുള്ളിൽ വച്ച് തന്നെ ചെറുതായി വളച്ച ശേഷമാണ് സൂചി പുറത്തെടുത്തത്. അനസ്തേഷ്യ വിഭാഗത്തിലെ ഡോ. ദേവിക, പൾമണോളജി വിഭാഗത്തിലെ ഡോ. ശ്രീരാജ് നായർ എന്നിവരും ചികിത്സാസംഘത്തിലുണ്ടായിരുന്നു. ഹൃദയത്തിലേക്കുള്ള പ്രധാന രക്തക്കുഴലുകൾക്ക് തൊട്ടടുത്തായാണ് സൂചി കുടുങ്ങിക്കിടന്നിരുന്നത് എന്നത് വലിയ വെല്ലുവിളിയായിരുന്നെന്നും ഇത്രയും നീളത്തിലുള്ള സൂചി ഓപ്പൺ സർജറിയില്ലാതെ റിജിഡ് ബ്രോങ്കോസ്കോപിയിലൂടെ പുറത്തെടുക്കുന്നത് അപൂർവമാണെന്നും ഡോ.ടിങ്കു ജോസഫ് പറഞ്ഞു. ഡിസ്ചാർജായ കുട്ടി മാതാപിതാക്കൾക്കൊപ്പം ഞായറാഴ്ച മാലിദ്വീപിലേക്ക് മടങ്ങും.