അടിമാലി: കുത്തുങ്കലിന് സമീപം ചെമ്മണ്ണാർ പുഴയിൽ ഇതര സംസ്ഥാന തൊഴിലാളികളായ യുവതിയെയും രണ്ട് യുവാക്കളെയും പുഴയിൽ മരിച്ച നിലിയിൽ കണ്ടെത്തി. മധ്യപ്രദേശ് സ്വദേശികളായ റോഷ്നി (20), ദുലീപ് (21) അജയ് (22) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കുത്തുങ്കൽ ടൗണിന് സമീപമുള്ള ചെമ്മണ്ണാർകുത്ത് എന്നറിയപ്പെടുന്ന വെള്ളച്ചാട്ടത്തിന്റെ അടിവശത്തുള്ള പാറയിടുക്കിനിടയിലായിരുന്നു ഒരാളുടെ മൃതദേഹം. 25 മീറ്റർ താഴെ പാറയിൽ തടഞ്ഞുനിന്നതു പോലെയാണ് മറ്റുരണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
മൂന്ന് ദിവസം മുന്‍പ് ഇവരെ തൊഴില്‍ സ്ഥലത്ത് നിന്നും കാണാതായതായിരുന്നു. തൊഴിലാളികളെ കാണാതായത് സംബന്ധിച്ച് ഉടുമ്പന്‍ചോല പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസിന്റെ നേതൃത്വത്തില്‍ പലസ്ഥലങ്ങളിലും തെരച്ചില്‍ നടത്തുകയും ചെയ്തിരുന്നു.ബുധനാഴ്ച രാവിലെയാണ് കുത്തുങ്കൽ പവര്‍ ഹൗസിന് സമീപത്തെ വെള്ളചാട്ടത്തിന് സമീപത്തു നിന്നും രണ്ട് മൃതദേഹങ്ങളും സമീപത്തെ പാറയിടുക്കില്‍ അകപ്പെട്ട നിലയിൽ ഒരാളുടെ മൃതദേഹവും കണ്ടെത്തിയത്. നെടുങ്കണ്ടം ഫയര്‍ ഫോഴ്സും ഉടുമ്പന്‍ചോല പോലിസും മണിക്കൂറുകള്‍ പണിപെട്ടാണ് മൃതദേഹങ്ങള്‍ പുറത്തെത്തിച്ചത്.
രണ്ടാഴ്ചയായി കുത്തുങ്കല്‍ സ്വദേശിയുടെ വീട്ടില്‍ വാടകയ്ക്ക് താമസിച്ച് സമീപത്തെ കൃഷിയിടങ്ങളില്‍ ജോലി ചെയ്തു വരികയായിരുന്നു ഇവര്‍. ആറ് പേരാണ് ഇവിടെ കഴിഞ്ഞിരുന്നത്. ഞായറാഴ്ച ലോക്ഡൗണ്‍ ആയതിനാല്‍ ജോലിക്ക് പോയിരുന്നില്ല. ഉച്ച കഴിഞ്ഞ് കുളിക്കാനായി റോഷ്നിയും അജയും ദുലീപൂം പുഴയിലേക്ക് പോയതായാണ് കൂടെയുള്ളവര്‍ പറയുന്നത്.പുഴയിലിറങ്ങി നടക്കുന്നതിനിടെ കൂടെയുള്ളയാൾ വഴുതി വീണപ്പോൾ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളച്ചാട്ടത്തിൽ പതിച്ചതായിരിക്കാമെന്നും പാറയിടുക്കിൽ കുടുങ്ങിയ മൃതദേഹം ഒഴുക്കിൽപ്പെട്ടതാകാമെന്നുമാണ് പ്രാഥമിക നിഗമനം. ഉടുമ്പൻചോല തഹസിൽദാരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റിന് ശേഷം മൃതദേഹങ്ങൾ ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി.