ദില്ലി: കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് പാർലമെന്റിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗം. ഇപ്പോഴുള്ളത് രണ്ട് ഇന്ത്യ, ഒന്ന് ധനികർക്കുള്ള ഇന്ത്യ, രണ്ട് തൊഴിലും അടിസ്ഥാനസൗകര്യങ്ങളും ഇല്ലാത്ത പാവപ്പെട്ടവരുടെ ഇന്ത്യയെന്ന് രാഹുൽ അഭിപ്രായപ്പെട്ടു. ഒരു വ്യക്തിക്ക് ഇന്ത്യയിലെ എല്ലാ തുറമുഖങ്ങളും വിമാനത്താവളങ്ങളും കൈമാറുന്നു. രാഷ്ട്രപതിയുടെ പ്രസംഗം ബ്യൂറോക്രാറ്റിക് ആശയങ്ങൾ മാത്രമാണെന്നും രാഹുൽ വിമർശിച്ചു.
കോൺഗ്രസ് തകർത്ത രാജപാരമ്പര്യം ഇന്ത്യയിൽ തിരിച്ചു വന്നിരിക്കുന്നു. രാജ്യത്ത് ഇപ്പോഴുള്ളത് ചക്രവർത്തിയാണെന്ന് പ്രധാനമന്ത്രിയെ സൂചിപ്പിച്ച് രാഹുൽ പറഞ്ഞു. പെഗാസസ് ഉപയോഗിച്ച് നരേന്ദ്ര മോദി ഇന്ത്യയിലെ ജനങ്ങളെ ആക്രമിച്ചു. ഇസ്രയേലിൽ പ്രധാനമന്ത്രി നേരിട്ട് പോയാണ് ഇതിനു തീരുമാനിച്ചത്. ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കൊലപാതകങ്ങൾ ഓർമ്മിപ്പിച്ച രാഹുൽ ഗാന്ധി, ബിജെപിയുടെ നയം അപകടകരമെന്ന് മനസ്സിലാകും എന്നും അഭിപ്രായപ്പെട്ടു. ചൈനയും പാകിസ്ഥാനും ഒന്നിച്ചു വരാൻ സാഹചര്യമൊരുക്കിയത് വലിയ കുറ്റമാണ്. ചൈനയ്ക്ക് വലിയ പദ്ധതിയുണ്ട്. ഇത് കുറച്ചു കാണേണ്ട.കേരളത്തിലെ ജനങ്ങൾക്ക് പ്രത്യേക ഔന്നത്യവും സംസ്ക്കാരവും ഉണ്ട്. കേരളത്തിലെയും തമിഴ്നാട്ടിലെയും ജനങ്ങളെ ഭരിക്കാൻ ബിജെപിക്ക് എത്രയൊക്കെ ശ്രമിച്ചാലും കഴിയില്ല. സമവായത്തിലൂടെയും സംവാദത്തിലൂടെയും മാത്രമേ ഇന്ത്യയെ ഭരിക്കാനാകൂ എന്നും രാഹുൽ ഗാന്ധി പറഞ്ഞു.