തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിമിനൽ കേസുകളുടെ എണ്ണം കൂടി. 2022 ൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തതിനേക്കാള്‍ 5,101 കൂടുതൽ കേസുകളാണ് കഴിഞ്ഞ നവംബർ വരെ റിപ്പോർട്ട് ചെയ്തത്. വധശ്രമക്കേസുകളിലാണ് വലിയ വർദ്ധന ഉണ്ടായത്. ഒരു വാക്കുത്തർക്കമുണ്ടായാൽ അടുത്ത നിമിഷം അടിയാണ് പലയിടത്തും, ചിക്കൻ കറിയുടെ അളവ് കുറഞ്ഞാൽ പോലും കടയുടമയെ ആയുധങ്ങളുമായി ആക്രമിക്കുന്നത് വരെയെത്തി കാര്യങ്ങൾ.
മയക്കുമരുന്നിന്റെയും ലഹരിയുടെയും ഉപയോഗം തന്നെയാണ് ആക്രമങ്ങള്‍ക്ക് പിന്നിൽ എന്നാണ് പൊലീസ് പറയുന്നത്. 2022ൽ 2,35,858 കേസുകളാണ് ആകെ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ നവംബർ വരെ 2,40,959 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അവസാനമാസത്തെ കണക്കുകൂടി ചേരുമ്പോള്‍ ഇനിയും കൂടും. ഇതിൽ തന്നെ വധശ്രമക്കേസുകളാണ് ഏറ്റവും അധികം കൂടുന്നത്. 2022ൽ 700 വധശ്രമക്കേസുകളായിരുന്നു. കഴിഞ്ഞ വർഷം നവംബർ 30 വരെയുള്ള കണക്കുകള്‍ പ്രകാരം വധശ്രമക്കേസുകള്‍ 918 ആയി. ഡിസംബർ മാസത്തെ കണക്കൂകൂടി വരുമ്പോള്‍ ആയിരം കഴിയാൻ സാധ്യതയുണ്ട്.
ദേഹോപ്രദവ കേസുകളും കൂടിയിട്ടുണ്ട്. 17,174 ആയിരുന്നു 2022 ൽ റിപ്പോർട്ട് ചെയ്തത്. 17,713 കേസുകളാണ് 2023 നവംബർ വരെ റിപ്പോർട്ട് ചെയ്തത്. എന്നാൽ നവകേരള യാത്രയിലുടനീളം അടിനടന്നു. കരിങ്കൊടിക്കാരെ ഡിവൈഎഫ്ഐക്കാർ അടിച്ചൊതുക്കിതും, പ്രതിഷേധക്കാരെ പൊലിസുകാരെ അടിച്ചതും,പൊലീസുകാരെ പ്രതിഷേധക്കാർ അടിച്ചതുമായ ഡിസംബർ മാസത്തെ കേസുകള്‍ കണക്കുവരുമ്പോള്‍ എണ്ണത്തിൽ വലിയ വർദ്ധനയുണ്ടാകും. തട്ടിപ്പുക്കേസുകളും കൂടി. 8307 കേസുകള്‍ റിപ്പോർട്ട് ചെയ്ത സംസ്ഥാനത്ത് 10,393 കേസുകളായി.
ലൈംഗികാതിക്രമക്കേസുകളും സ്ത്രീത്വത്തെ അപമാനിക്കുന്ന അതിക്രമക്കേസുകളും കൂടി. സ്ത്രീധന പീഡനം മൂലമുള്ള മരണകേസുകള്‍ 2022ൽ പതിനൊന്നായിരുന്നു, നവംബർവരെ എട്ടായി. ഭർത്താവിന്‍റെയും വീട്ടുകാരുടെയും പീഡനക്കേസുകള്‍ 4345 ആണ് കഴിഞ്ഞ നവംബർവരെ. 2022ൽ 4998 ആയിരുന്നു. കൊലക്കേസുകളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്. 334 ൽ നിന്നും 306 ആയി കുറഞ്ഞു. ബലാത്സംഗം, കലാപ കേസുകളുടെ എണ്ണം കുറഞ്ഞപ്പോള്‍ മോഷണം ഭവനഭേദനം എന്നീ കേസുകൾ വർദ്ധിച്ചു.