ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിലുണ്ടായ ഇസ്രയേൽ വ്യോമാക്രണത്തിൽ ഹമാസ് രാഷ്ട്രീയ ഉപമേധാവി സാലിഹ് അറൂരി കൊല്ലപ്പെട്ടു. സായുധവിഭാഗത്തിന്റെ രണ്ടു കമാൻഡർമാരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ദക്ഷിണ ബൈറൂത്തിലെ മശ്റഫിയ്യയിൽ ഹമാസ് ഓഫിസിനുനേരെ ചൊവ്വാഴ്ച രാത്രിയോടെയാണ് ഇസ്രായേൽ ഡ്രോണുകൾ ആക്രമണം നടത്തിയത്. ആക്രമണത്തിൽ കൂടുതൽ ആളപായമുണ്ടായതായും ഒരു കെട്ടിടം തകർന്നതായും റിപ്പോർട്ടുകൾ പറയുന്നു.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ഇസ്രയേൽ സന്ദർശനം മാറ്റിവെച്ചു. ചെങ്കടലിൽ കപ്പലുകൾക്ക് നേരെയുള്ള ഹൂതികളുടെ ആക്രമണം ചർച്ച ചെയ്യാൻ യുഎൻ രക്ഷാസമിതി യോഗം ഇന്ന് ചേരും. ഇസ്രായേൽ ആക്രമണത്തിൽ അറൂരി കൊല്ലപ്പെട്ടതോടെ യുദ്ധമുഖം മാറുമെന്ന ആശങ്കയിലാണ് ലോക രാജ്യങ്ങൾ. ലബനാൻ തലസ്ഥാനത്ത് ഹിസ്ബുള്ളയുടെ ഓഫീസ് ഉൾപ്പടെ പ്രവർത്തിക്കുന്ന കേന്ദ്രത്തിലാണ് ഉഗ്രസ്ഫോടനം ഉണ്ടായത്.
ഒക്ടോബർ ഏഴിലെ ഹമാസിന്റെ അപ്രതീക്ഷിത ഇസ്രയേൽ ആക്രമണത്തിന് ശേഷം ഹമാസ് വക്താവായി കാര്യങ്ങൾ പുറംലോകത്തോട് സംസാരിച്ചത് ഇപ്പോൾ കൊല്ലപ്പെട്ട അറൂരിയായിരുന്നു. ഖസ്സാം ബ്രിഗേഡ് സ്ഥാപകരിൽ പ്രമുഖനാണ് അറൂരി. ഏറെനാളായി അദ്ദേഹത്തെ ഇസ്രായേൽ ലക്ഷ്യം വെക്കുകയായിരുന്നു. തങ്ങളുടെ മണ്ണിൽ ആക്രമണം നടത്തിയാൽ പ്രത്യാഘാതം ഭീകരമായിരിക്കുമെന്ന് ഹിസ്ബുള്ള നേതാവ് ഹസൻ നസ്റുള്ള മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇസ്രായേൽ – ലബനാൻ അതിർത്തിയിൽ ആക്രമണം തുടരുകയാണ്.