മലപ്പുറം: തേഞ്ഞിപ്പലത്ത് അടച്ചിട്ട വീടിന്റെ വാതിൽ തകർത്ത് മോഷണത്തിന് ശ്രമിച്ച മോഷ്ടാവ് അറസ്റ്റിൽ. പത്തനംതിട്ട തിരുവല്ല പരുത്തിക്കാട്ട് മണ്ണിൽ സന്ധ്യഭവനത്തിൽ സന്തോഷ് കുമാർ എന്ന ഹസൻ (44) ആണ് തേഞ്ഞിപ്പലം പൊലീസിന്റെ പിടിയിലായത്. കാലിക്കറ്റ് സർവകലാശാലയില്‍ നിന്ന് വിരമിച്ച ജീവനക്കാരൻ ഫ്രാൻസിസ് പുളിക്കോട്ടിലിന്റെ പാണമ്പ്രയിലെ വീട്ടിലാണ് മോഷണ ശ്രമമുണ്ടായത്. വാതിലിന്റെ പൂട്ട് തകർത്ത് പ്രതി വീട്ടിനകത്ത് പ്രവേശിക്കുകയായിരുന്നു. സ്വർണം അടക്കം വിലപിടിപ്പുള്ള ഒരു സാധനവും വീട്ടിൽ സൂക്ഷിക്കാതിരുന്നതിനാൽ കാര്യമായൊന്നും ലഭിച്ചില്ല.
ക്രിസ്മസിന് ഫ്രാൻസിസും കുടുംബവും നാട്ടിൽ പോയ സമയത്തായിരുന്നു മോഷണ ശ്രമം. കഴിഞ്ഞ ബുധനാഴ്ച പുലർച്ച അയൽവാസികളാണ് മോഷണ വിവരം അറിഞ്ഞത്. മലപ്പുറത്തുനിന്ന് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരുമെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. മോഷണ ശ്രമമുണ്ടായ വീട്ടിൽ നിന്ന് ലഭിച്ച വിരലടയാളം പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഈ സംഭവത്തിന് ആഴ്ചകൾക്കു മുമ്പ് കോഹിനൂരിലെ രണ്ട് വീടുകളിൽ മോഷണം നടന്നു. വീടിന്റെ വാതിൽ തകർത്ത് അകത്ത് കയറിയ മോഷ്ടാവ് ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മയുടെ സ്വർണമാല പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ഇതേദിവസം പുലർച്ചതന്നെ ആളില്ലാത്ത സമയത്ത് വീടിന്റെ മുൻവാതിൽ തകർത്ത് പണവും കവർന്നു. ഈ കേസുകളിൽ അറസ്റ്റിലായ മോഷ്ടാവിന് പങ്കുണ്ടോയെന്ന് പൊലീസ് പരിശോധിച്ചുവരുകയാണ്.
മോഷണക്കേസുകളാല്‍ കുപ്രസിദ്ധി നേടിയ സന്തോഷ് കുമാർ പതിനഞ്ചാം വയസ്സിലാണ് മോഷണം തുടങ്ങിയതെന്ന് പൊലീസ് അറിയിച്ചു. പിന്നീടങ്ങോട്ട് കേരളത്തിൽ പല ജില്ലകളിലായി മോഷണ കേസുകളിൽ പ്രതിയാണ്. കോഴിക്കോട് നടക്കാവ് കേന്ദ്രീകരിച്ച് താമസിച്ച് മോഷണങ്ങൾ തുടരുന്നതിനിടെയാണ് തേഞ്ഞിപ്പലം പാണമ്പ്രയിലെ മോഷണ ശ്രമ കേസിലെ അറസ്റ്റ്. വര്‍ഷങ്ങളായി മോഷണം തുടരുന്ന പ്രതി പൊലീസിന് പിടികിട്ടാത്ത തരത്തിലാണ് മോഷണങ്ങൾ ആസൂത്രണം ചെയ്തിരുന്നതും നടപ്പാക്കിയിരുന്നതും. അതുകൊണ്ടുതന്നെ നിരവധി കേസുകളില്‍ പിടിക്കപ്പെട്ടില്ല. ചില പാളിച്ചകൾ സംഭവിച്ച സ്ഥലങ്ങളിൽ മാത്രമാണ് പൊലീസിന്റെ വലയിലായത്.
പാണമ്പ്രയിലെ വീട്ടിൽ മോഷണത്തിന് കയറിയപ്പോൾ പതിഞ്ഞ വിരലടയാളമാണ് ഇത്തവണ തിരിച്ചടിയായത്. സ്ഥിരം മോഷ്ടാക്കളുടെ വിരലടയാളം പരിശോധിച്ച് താരതമ്യം ചെയ്ത് പൊലീസ് പ്രതി സന്തോഷ്‌കുമാർ തന്നെയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. കാലിക്കറ്റ് സർവകലാശാല ക്വാർട്ടേഴ്സുകൾ കേന്ദ്രീകരിച്ചും തേഞ്ഞിപ്പലം, പള്ളിക്കൽ മേഖലകൾ കേന്ദ്രീകരിച്ചും മുമ്പുണ്ടായ മോഷണങ്ങളിൽ ഇയാൾക്ക് പങ്കുണ്ടോയെന്ന് പൊലീസിന് സംശയമുണ്ട്. വിശദമായ ചോദ്യംചെയ്യലിന് ശേഷമേ ഇക്കാര്യം വ്യക്തമാകൂ.