റിയാദ് : സൗദിയില്‍ ഇഖാമ കാലാവധി കഴിഞ്ഞതിനാല്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് പുതുക്കാനാകാതെ കഷ്ടപ്പെടുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് അഞ്ച് വര്‍ഷം കാലാവധിയുള്ള താല്‍ക്കാലിക പാസ്പോര്‍ട്ട് അനുവദിക്കുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. ഇഖാമ കാലാവധി കഴിഞ്ഞ ഇന്ത്യന്‍ പ്രവാസികളെ പാസ്പോര്‍ട്ട് പുതുക്കാന്‍ പുറംകരാര്‍ ഏജന്‍സിയായ വി.എഫ്.എസ് സെന്ററുകള്‍ അനുവദിക്കുന്നില്ല എന്ന വിഷയം ഉന്നയിച്ച് നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി ജനുവരി 19 ന് ഇന്ത്യന്‍ എംബസിക്ക് അയച്ച നിവേദനത്തിന് മറുപടിയായാണ് ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി പ്രേം സെല്‍വാള്‍ ഇക്കാര്യം അറിയിച്ചത്. ഇഖാമ കാലാവധി കഴിഞ്ഞവരുടെ അപേക്ഷയും സ്വീകരിക്കാന്‍ വി.എഫ്.എസ് സെന്ററുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും, അത്തരം പ്രവാസികള്‍ അവരുടെ സ്പോണ്‍സറുടെയോ കമ്പനിയുടെയോ ‘ഇഖാമ പിന്നീട് പുതുക്കികൊടുക്കാം’ എന്ന് ഉറപ്പ് നല്കുന്ന ഒരു കത്ത് ഹാജരാക്കിയാല്‍ അഞ്ച് വര്‍ഷം കാലാവധിയുള്ള താല്‍ക്കാലിക പാസ്പോര്‍ട്ട് അനുവദിക്കും.
പിന്നീട് ഇഖാമ പുതുക്കിയാല്‍ ഇവര്‍ക്ക് 10 വര്‍ഷം കാലാവധിയുള്ള സാധാരണ പാസ്പോര്‍ട്ടിന് അപേക്ഷിക്കാമെന്നും എംബസി വ്യക്തമാക്കി. ഈ വിഷയം ഉന്നയിച്ചു നവയുഗം കേന്ദ്രകമ്മിറ്റി വിദേശകാര്യ മന്ത്രാലയത്തിനും നിവേദനം നല്‍കിയിരുന്നു. നവയുഗത്തിന്റെ അഭ്യര്‍ഥന മാനിച്ചു ബിനോയ് വിശ്വം എം.പിയും ഈ വിഷയം വിദേശകാര്യമന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പെടുത്തിയിരുന്നു.