ശ്രീനാരായണഗുരു ഓപണ്‍ സര്‍വകലാശാല 2023-24 അധ്യയനവര്‍ഷം പുതിയ പാഠ്യപദ്ധതികള്‍ ആരംഭിക്കാന്‍ സമര്‍പ്പിച്ച അപേക്ഷയില്‍ യു.ജി.സി. ആറു പ്രോഗ്രാമുകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ബി.സി.എ., ബി.എ. പൊളിറ്റിക്കല്‍ സയന്‍സ്, ബി.എ. സൈക്കോളജി, ബി.എ. നാനോഎന്‍റര്‍പ്രണര്‍ഷിപ്പ്, എം.എ. പബ്ലിക് അഡ്മിനിസ്ട്രേഷന്‍, എം.എ. പൊളിറ്റിക്കല്‍ സയന്‍സ് എന്നീ പ്രോഗ്രാമുകള്‍ക്കാണ് യു.ജി.സിയുടെ അംഗീകാരം ലഭിച്ചത്. നിലവില്‍ സര്‍വകലാശാല നടത്തിവരുന്ന 22 പാഠ്യപദ്ധതികള്‍ക്ക് പുറമേയാണ് ഈ പുതിയ പ്രോഗ്രാമുകള്‍ക്കുള്ള അംഗീകാരം.
ബി.എ നാനോ എന്‍റര്‍പ്രണര്‍ഷിപ്പ് എന്ന കോഴ്സ് ഇന്ത്യയില്‍ ആദ്യമായാണ് യു.ജി.സി അംഗീകാരത്തോടെ ഒരു സര്‍വകലാശാല ആരംഭിക്കുന്നത്. സ്റ്റാര്‍ട്ടപ്പുകളുടെ നടപ്പ് ഉള്ളടക്കത്തിന് ജനകീയ ഭാഷ്യമാണ് ഈ കോഴ്സിന്‍റെ രൂപഘടന വിഭാവനംചെയ്തിട്ടുള്ളത്. ഇതിന്‍റെ പഠിതാക്കള്‍ക്ക് അവരുടെ അഭിരുചിക്കനുസരിച്ചുള്ള ഏതെങ്കിലും ഒരു തൊഴില്‍ മേഘലയില്‍ പ്രായോഗിക പരിചയവും സംരംഭകശേഷിയും ഉറപ്പാക്കുന്ന പാഠ്യരീതിയാണ് ഇതിന്‍റെ പ്രധാന കാതല്‍. സൂക്ഷ്മ സംരംഭകരെ പ്രദാനംചെയ്യുന്ന വിദ്യാഭ്യാസ പ്രക്രിയക്ക് ആരംഭംകുറിക്കാന്‍ സര്‍വകലാശാലക്ക് ഇതോടെ അവസരം ലഭിച്ചു.
ബിരുദം പൂര്‍ത്തിയാകുമ്പോള്‍ രണ്ട് ലക്ഷ്യങ്ങള്‍ കൈവരിക്കുന്നു – ബിരുദം നേടുകയും സംരംഭക പരിശീലനം സാധ്യമാകുകയും ചെയ്യുന്നു. ഇതുവഴി ബിരുദധാരികള്‍ക്ക് രാജ്യത്തിന്‍റെ ഉൽപാദന പ്രക്രിയയില്‍ പങ്കാളിയാകാന്‍ പ്രാപ്തി നേടുന്നതാണ് പരിണിത ഫലം. നവകേരള നിര്‍മ്മിതിയില്‍ ഒരുതുള്ളി എന്ന സര്‍വകലാശാലയുടെ ബ്രഹത് പദ്ധതിയുടെ ഭാഗമായാണ് ഈ കോഴ്സ് സര്‍വകലാശാല രൂപകല്പന ചെയ്തതും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതും.
ഈ കോഴ്സുകള്‍ നടപ്പാക്കുന്നതോടെ കേരളത്തിലെ മറ്റ് സര്‍വകലാ ശാലകള്‍ നടത്തിവരുന്ന എല്ലാ പ്രോഗ്രാമുകളും ശ്രീനാരായണ ഗുരു ഓപണ്‍ സര്‍വകലാശായുടെ കുടക്കീഴിലായി. ശ്രീനാരായണഗുരു ഓപണ്‍ സര്‍വകലാശാലാ നിയമം വിഭാവനം ചെയ്യുന്നതാണിത്. മൂന്ന് വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ സര്‍വകലാശാലക്ക് അഭിമാനിക്കാവുന്ന നേട്ടമാണിത് രജിസ്ട്രാര്‍ അറിയിച്ചു.