റിയാദ് : സൗദി അറേബ്യയില്‍ ബിനാമി കച്ചവടം ഇല്ലാതാക്കാന്‍ പത്ത് നിബന്ധനകള്‍ ഏര്‍പ്പെടുത്തി. കാലാവധിയുള്ള വാണിജ്യ രജിസ്‌ട്രേഷന്‍ സ്ഥാപനത്തിന് ഉണ്ടായിരിക്കുക, സ്ഥാപന നടത്തിപ്പിനാവശ്യമായ എല്ലാ ഡാറ്റയും ലൈസന്‍സുകളും കാലാവധിയുള്ളതായിരിക്കുക, സ്ഥാപനത്തിന് ഒരു ബാങ്ക് അക്കൗണ്ട് തുറക്കുക, വാണിജ്യ ഇടപാടുകളില്‍ വ്യക്തിഗത അക്കൗണ്ടുകള്‍ ഉപയോഗിക്കാതിരിക്കുക എന്നിവയാണ് പ്രധാന നിബന്ധനകള്‍. പ്രവര്‍ത്തന ലൈസന്‍സ് പുതുക്കിയെന്ന് ഉറപ്പാക്കുക, സ്ഥാപനത്തിന്റെ വിലാസം അപ്‌ഡേറ്റ് ചെയ്യുക, വേതന സംരക്ഷണത്തിനുള്ള സര്‍ക്കാര്‍ പ്രോഗ്രാംയില്‍ സ്ഥാപനം രജിസ്റ്റര്‍ ചെയ്യുക, തൊഴില്‍ വേതന ഡാറ്റ രേഖപ്പെടുത്തുക, കരാറുകള്‍ ഇലക്ട്രോണിക് ആയി രേഖപ്പെടുത്തുക, സ്ഥാപനത്തില്‍ നിയമാനുസൃതമല്ലാത്ത തൊഴിലാളികളെ നിയമിച്ചിട്ടില്ലെന്ന് ഉറപ്പാക്കുക എന്നിവയാണ് രാജ്യത്തെ ഓരോ വാണിജ്യ സ്ഥാപനവും നിര്‍ബന്ധമായും പാലിക്കേണ്ട നിബന്ധനകള്‍.
സ്ഥാപനത്തിന്റെ എല്ലാ സാമ്പത്തിക ഇടപാടുകളും രേഖപ്പെടുത്തുകയും ഇക്കാര്യത്തില്‍ പ്രധാന ചട്ടങ്ങള്‍ പാലിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. സ്വദേശികളല്ലാത്ത വ്യക്തിക്ക് സ്ഥാപനത്തില്‍ പുര്‍ണാധികാരത്തോടെ പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്ന സാഹചര്യം അനുവദിക്കാതിരിക്കുക, ഇലക്ട്രോണിക് പേയ്‌മെന്റ് രീതികള്‍ അവലംബിക്കുക, ഇലക്ട്രോണിക് ആയി ബില്ലുകള്‍ ഇഷ്യൂ ചെയ്യുകയും അവ സൂക്ഷിക്കുകയും ചെയ്യുക, നിയമാനുസൃതമായ രീതികളിലൂടെ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം ലഭ്യമാക്കുക, അതുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും രേഖപ്പെടുത്തുകയും സാമ്പത്തിക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട എല്ലാ നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും പാലിക്കുകയും ചെയ്യുക എന്നിവയും മറ്റ് നിബന്ധനകളാണ്.