തിരുവനന്തപുരം: സംസ്ഥാന സർക്കാർ സംഘടിപ്പിച്ച കേരളീയം പരിപാടിയില്‍ മികച്ച സ്പോണ്‍സര്‍മാരെ കണ്ടെത്തിയതിന് മുഖ്യമന്ത്രി ആദരിച്ച ഉദ്യോഗസ്ഥന് ചരക്കുസേവന നികുതി (ജി.എസ്.ടി) വകുപ്പില്‍ സ്പെഷല്‍ കമീഷണറായി സ്ഥാനക്കയറ്റം. എസ്. എബ്രഹാം റെന്നിനാണ് സ്പെഷല്‍ കമീഷണറുടെ എക്സ് കേഡര്‍ തസ്തിക സൃഷ്ടിച്ച് നിയമനം നൽകാൻ മന്ത്രിസഭയോഗം തീരുമാനിച്ചത്.
ജി.എസ്.ടി വകുപ്പില്‍ അഡീഷനല്‍ കമീഷണര്‍ പദവിയിലിരിക്കെയാണ് കേരളീയം പരിപാടിയില്‍ മികച്ച സ്പോണ്‍സര്‍മാരെ കണ്ടെത്തിയത്. നിലവില്‍ ലോട്ടറി ഡയറക്ടര്‍ കൂടിയാണ്. നികുതി പിരിവിന്റെ ഉത്തരവാദിത്വമുള്ള ജി.എസ്.ടി വകുപ്പ് ഉദ്യോഗസ്ഥരെ കേരളീയം പരിപാടിക്ക് സ്പോണ്‍സറെ കണ്ടെത്തുന്നതിന് നിയോഗിച്ച നടപടി വിവാദമായിരുന്നു.
സ്പോൺസർമാരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിച്ചുവെക്കുന്നതിനിടെയാണ് ഇവ സംഘടിപ്പിച്ച ഉദ്യോഗസ്ഥന് സർക്കാർ സ്ഥാനക്കയറ്റം നൽകിയത്. ഐ.ആർ.എസ് ഉദ്യോഗസ്ഥനായ എബ്രഹാം റെന്‍ കേരളത്തില്‍ ഡപ്യൂട്ടേഷനിലെത്തിയതാണ്. എന്നാൽ, ഐ.ആർ.എസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തിന് ആനുപാതികമായ തസ്തിക സൃഷ്ടിച്ചുവെന്നാണ് ഔദ്യോഗിക വിശദീകരണം.