റാഞ്ചി: ഝാർഖണ്ഡിലെ അനധികൃത ഖനനം, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ട കേസിൽ ഝാർഖണ്ഡിലെയും രാജസ്ഥാനിലെയും 12 ഇടങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ് നടത്തി. മുഖ്യമന്ത്രി ഹേമന്ത് സോറന്റെ മാധ്യമ ഉപദേഷ്ടാവ് അഭിഷേക് പ്രസാദ്, ഹസാരിബാഗ് ഡി.എസ്.പി രാജേന്ദ്ര ദുബെ എന്നിവരുടെ വസതികളിലും പരിശോധന നടന്നു. സാഹിബ് ഗഞ്ച് ജില്ല കലക്ടർ രാം നിവാസിന്റെ രാജസ്ഥാനിലെ വസതിയിലും റെയ്ഡ് നടന്നു. മുൻ എം.എൽ.എ പപ്പു യാദവ്, ഏതാനും ജയിൽ ഉദ്യോഗസ്ഥർ, പൊലീസ് കോൺസ്റ്റബിൾ എന്നിവരും അന്വേഷണ പരിധിയിലുണ്ട്.
സംസ്ഥാനത്തെ അനധികൃത ഖനനത്തിലൂടെ 100 കോടി രൂപ സമ്പാദിച്ചതുമായി ബന്ധപ്പെട്ടാണ് ഇ.ഡി അന്വേഷണം നടത്തുന്നത്. ടോൾ പ്ലാസ ടെൻഡർ നൽകിയതിലെ ക്രമക്കേടുകളെക്കുറിച്ചും അനധികൃത ഖനനത്തെക്കുറിച്ചും അന്വേഷിക്കുന്നതിന് 2022 ജൂലൈയിൽ സോറന്റെ അടുത്ത രാഷ്ട്രീയ അനുയായി പങ്കജ് മിശ്ര, സഹായികൾ എന്നിവരുമായി ബന്ധപ്പെട്ട 19 കേന്ദ്രങ്ങളിൽ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കള്ളപ്പണക്കേസിൽ അന്വേഷണം തുടങ്ങിയത്. റെയ്ഡിൽ പിടിച്ചെടുത്ത പണം സാഹിബ്ഗഞ്ചിലെ അനധികൃത ഖനനത്തിലൂടെ നേടിയതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
അതിനിടെ, മൊഴിയെടുക്കാൻ ഹാജരാകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഹേമന്ത് സോറന് ഏഴാം തവണയും ഇ.ഡി നോട്ടീസ് നൽകി. എന്നാൽ, നോട്ടീസ് നൽകിയത് നിയമ വിരുദ്ധമാണെന്ന് സോറൻ കുറ്റപ്പെടുത്തി.