കൊല്ലം: സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇന്ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ആശ്രാമം മൈതാനത്ത് നടക്കുന്ന ചടങ്ങില്‍ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനാകും. മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, കെ രാജന്‍, ജെ ചിഞ്ചുറാണി, കെ ബി ഗണേഷ് കുമാര്‍, പി എ മുഹമ്മദ് റിയാസ്, നടി നിഖില വിമല്‍ തുടങ്ങിയവരാണ് മുഖ്യാതിഥികള്‍.രാവിലെ ഒന്‍പതിന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ് പതാക ഉയര്‍ത്തും. തുടര്‍ന്ന് ഗോത്ര കലാവിഷ്‌കാരവും ഭിന്നശേഷികുട്ടികളുടെ കലാവിരുന്ന്, നടി ആശാ ശരത്തും സ്‌കൂള്‍ വിദ്യാര്‍ഥികളും അവതരിപ്പിക്കുന്ന സ്വാഗതഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം നടക്കും. തുടര്‍ന്ന് സ്വാഗതഗാനരചന, നൃത്താവിഷ്‌കാരം, ലോഗോ, കൊടിമരം എന്നിവ തയ്യാറാക്കിയവരെ ആദരിക്കും.
ജനുവരി എട്ടിന് വൈകിട്ട് അഞ്ച് മണിക്ക് കലാമേള സമാപിക്കും. ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിര്‍വഹിക്കും. മന്ത്രി കെ എന്‍ ബാലഗോപാല്‍ അധ്യക്ഷനാകും. നടന്‍ മമ്മൂട്ടിയാണ് മുഖ്യാതിഥി. മന്ത്രി വി ശിവന്‍കുട്ടി പ്രതിഭകളെ ആദരിക്കും. മന്ത്രി ജി ആര്‍ അനില്‍ സുവനീര്‍ പ്രകാശനം നിര്‍വഹിക്കും. ചാമ്പ്യന്‍ഷിപ്പ് പ്രഖ്യാപനം ജനറല്‍ കണ്‍വീനറും പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടറുമായ സി എ സന്തോഷ് നിര്‍വഹിക്കും. മന്ത്രി സജി ചെറിയാന്‍ വിശിഷ്ടാതിഥിയാകും.
വിദ്യാര്‍ഥികള്‍ക്കായി വിപുല സൗകര്യങ്ങള്‍
പതിനാല് സ്‌കൂളുകളിലായി 2475 ആണ്‍കുട്ടികള്‍ക്കും ഒമ്പത് സ്‌കൂളുകളിലായി 2250 പെണ്‍കുട്ടികള്‍ക്കും താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. എല്ലാ ടൗണ്‍ ബസ് സര്‍വ്വീസും കെഎസ്ആര്‍ടിസി, ഓര്‍ഡിനറി ബസുകളും ചിന്നക്കട ആശ്രാമം വഴി കടപ്പാക്കട റൂട്ടിലൂടെ കലോത്സവം അവസാനിക്കുന്നതുവരെ സര്‍വ്വീസ് നടത്തുന്നതാണ്.
ഇരുപത്തിയഞ്ച് ഓട്ടോറിക്ഷകള്‍ വേദികളില്‍ നിന്നും മറ്റു വേദികളിലേക്ക് മത്സരാര്‍ഥികളെ എത്തിക്കുന്നതിനായി സൗജന്യ സേവനം നടത്തുന്നതാണ്. പ്രത്യേകം ബോര്‍ഡ് വെച്ചായിരിക്കും ഓട്ടോറിക്ഷകള്‍ സജ്ജീകരിച്ചിരിക്കുന്നത്. എല്ലാ വേദികളിലേക്കും കെ എസ് ആര്‍ ടി സിയും കൊല്ലം കോര്‍പ്പറേഷന്റെ നേതൃത്വത്തിലുള്ള ഗ്രാമവണ്ടിയും സൗജന്യയാത്ര ഒരുക്കുന്നതായിരിക്കും. മത്സരാര്‍ഥികള്‍ക്ക് വേദികളിലേക്കും ഭക്ഷണ പന്തലിലേക്കും പോകുന്നതിന് ഈ വാഹനം ഉപയോഗിക്കാവുന്നതാണ്. വേദികളും പാര്‍ക്കിങ് സൗകര്യങ്ങളും രേഖപ്പെടുത്തിയിട്ടുള്ള ക്യൂ.ആര്‍ കോഡുകള്‍ തയ്യാറാക്കിയിട്ടുണ്ട്. കലോത്സവത്തിന് മാത്രമായുള്ള ഹെല്‍പ്പ് ലൈന്‍ നമ്പര്‍ തയ്യാറാക്കിയിട്ടുണ്ട്. 112, 9497 930 804 എന്നതാണ് ഹെല്‍പ്പ് ലൈന്‍ നമ്പര്‍. വേദികളിലും അനുബന്ധ പ്രദേശങ്ങളിലും ശക്തമായ നിരീക്ഷണത്തിന് സി സി. ടി വി സംവിധാനം ഒരുക്കിയിട്ടുണ്ട്.