ഫോർട്ട്കൊച്ചി: ലോകശ്രദ്ധ പിടിച്ചുപറ്റിയ പുതുവത്സരാഘോഷങ്ങളിൽ ഒന്നായ ഫോർട്ട്കൊച്ചിയിലെ കൊച്ചിൻ കാർണിവൽ ആഘോഷത്തിന്റെ പൊലിമ മങ്ങാൻ ഇടയാക്കിയത് പൊലീസിന്റെ അനാവശ്യ നിയന്ത്രണങ്ങളെന്ന് നാട്ടുകാർ ആരോപിക്കുന്നു. കഴിഞ്ഞ വർഷം ഉണ്ടായ ചില അനിഷ്ടസംഭവങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇക്കുറി പൊലീസ് നിയന്ത്രണങ്ങൾ ശക്തമാക്കിയത്.
എന്നാൽ, ആളുകളുടെ പ്രവേശനം തടഞ്ഞുള്ള നിയന്ത്രണം ഗുണത്തേക്കാളേറെ ദോഷമാണുണ്ടാക്കിയതെന്നാണ് ആക്ഷേപം. ജനങ്ങളേറെ എത്തുന്ന ഫോർട്ട്കൊച്ചി കമാലക്കടവ് മുതൽതന്നെ ബാരിക്കേഡ് വെച്ച് നിയന്ത്രണം ഏർപ്പെടുത്തിയതോടെ കാർണിവൽ കാണാൻ ദൂരസ്ഥലങ്ങളിൽനിന്നുവരെ എത്തിയവർക്ക് നിരാശയോടെ മടങ്ങിപ്പോകേണ്ടിവന്നു.
കഴിഞ്ഞ വർഷം പാപ്പാഞ്ഞിയെ കത്തിച്ചുകഴിഞ്ഞ ഉടൻ വൈദ്യുതി നിലച്ചതും ആളുകളെ നിയന്ത്രിക്കുന്നതിന് പൊലീസ് തന്നെ സ്ഥാപിച്ച ബാരിക്കേഡുകൾ പരിപാടി കഴിഞ്ഞപ്പോൾ എടുത്തുമാറ്റാത്തതും ഒരു റോ-റോ മാത്രം സർവിസ് നടത്തിയതും ഫോർട്ട്കൊച്ചി- മട്ടാഞ്ചേരി അതിർത്തി തിരിക്കുന്ന ചുങ്കം പാലം പൊളിച്ചിട്ടിരുന്നതുമാണ് പ്രശ്നങ്ങൾക്ക് കാരണമായത്. അതോടൊപ്പം പാപ്പാഞ്ഞിയെ കത്തിച്ചുകഴിഞ്ഞ ഉടൻ മൈതാനത്തുനിന്ന് ആളുകളെ പൊലീസ് മാറ്റിയതും പ്രശ്നത്തിന് വഴിവെച്ചു.
എന്നാൽ, ഇക്കുറി കത്തിച്ചശേഷവും പിരിഞ്ഞുപോകാൻ മണിക്കൂറുകൾ അനുവദിച്ചത് തിരക്ക് ഒരുപരിധിവരെ കുറച്ചു. പുതുവത്സരാഘോഷത്തിൽ എന്ത് പരിപാടി വെക്കണമെന്ന തീരുമാനംപോലും സംഘാടകരിൽനിന്ന് പൊലീസ് ഏറ്റെടുത്തുവെന്ന വിമർശനം ഇത്തവണ ഉടലെടുത്തിട്ടുണ്ട്. വർഷങ്ങളായി കാർണിവൽ ആഘോഷത്തിൽ നടക്കുന്ന ഡി.ജെ പരിപാടി തടഞ്ഞതോടെ വന്നവർ നിരാശരായി. റോ-റോ ജെട്ടിക്ക് സമീപം ബാരിക്കേഡ് വെച്ച് സമീപവാസികളായ കാൽനടക്കാരെപ്പോലും പരിപാടി കഴിഞ്ഞ് കടന്നുപോകാൻ അനുവദിക്കാത്തതും പ്രതിഷേധത്തിന് വഴിയൊരുക്കി.
കിലോമീറ്ററുകൾ ചുറ്റിയാണ് ഇവർ വീട്ടിലെത്തിയത്. കൊച്ചിൻ കാർണിവലിന്റെ പൊലിമ നഷ്ടപ്പെടുന്ന രീതിയിലുള്ള പൊലീസിന്റെ പ്രവർത്തനം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് കോൺഗ്രസ് കൊച്ചി നോർത്ത് േബ്ലാക്ക് ജനറൽ സെക്രട്ടറി ഷമീർ വളവത്ത് പറഞ്ഞു.