പാലക്കാട്: രാമക്ഷേത്രം ഉദ്‌ഘാടനത്തോടനുബന്ധിച്ച് ഉത്തരേന്ത്യയിൽ സർവീസ് നടത്താൻ കേരളത്തിലേക്കുള്ള എട്ട് ട്രെയിനുകളുടെ 16 സർവീസ് റദ്ദാക്കി റെയിൽവേ സർക്കുലർ പുറത്തിറങ്ങി. ബാബ്‌റി മസ്‌ജിദ് പൊളിച്ചിടത്ത് നിർമിച്ച അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്‌ഠാ ചടങ്ങുകൾ ആരംഭിക്കുന്ന 22ന് തൊട്ടുമുമ്പായാണ് കേരളത്തിലെ ട്രെയിനുകൾ റദ്ദാക്കുന്നത്. ആഗ്ര ഡിവിഷനിലെ മഥുര ജങ്‌ഷൻ സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് വിവിധ ദിവസങ്ങളിൽ ട്രെയിൻ സർവീസ് മുടങ്ങുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.
കേരളത്തിലെ യാത്രക്കാർ കൂടുതലായി ആശ്രയിക്കുന്ന ട്രെയിനുകളാണ് റദ്ദാക്കിയത്. തിരുവനന്തപുരം ന്യൂ ഡൽഹി കേരള എക്സ്പ്രസ് (12625, 12626), എറണാകുളം നിസാമുദ്ദീൻ തുരന്തോ പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12283, 12284), കൊച്ചുവേളി അമൃത്‌സർ പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12483, 12484), തിരുവനന്തപുരം സെൻട്രൽ നിസാമുദ്ദീൻ പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ്(12643,12644, 22653,22654), എറണാകുളം നിസാമുദ്ദീൻ മില്ലേനിയം പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ്(12645,12646), എറണാകുളം നിസാമുദീൻ വീക്ക്‌ലി സൂപ്പർ ഫാസ്‌റ്റ് എക്‌സ്‌പ്രസ് (22655,22656), കൊച്ചുവേളി യോഗ് നഗരി ഋഷികേശ് പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22659, 22660) എന്നീ ട്രെയിനുകളാണ് ഉത്തരേന്ത്യയിൽ സർവീസ് നടത്തുന്നതിനായി റദ്ദാക്കിയത്.
വിവിധ സംസ്ഥാനങ്ങളിൽനിന്ന് ട്രെയിനിൽ സൗജന്യമായി ചടങ്ങിലേക്ക് ആളുകളെ എത്തിക്കുന്നതിനാണിത്. ഉത്തരേന്ത്യയിൽനിന്ന് കേരളത്തിലേക്കുള്ള ട്രെയിനുകളാണ് റദ്ദാക്കിയതെല്ലാം. യുപിയിൽ സർവീസ് നടത്താൻ എളുപ്പമായതിനാലാണ് ഇത്തരം ട്രെയിനുകൾ തെരഞ്ഞെടുത്തത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മാത്രം സർവീസ് നടത്തുന്ന ട്രെയിനുകൾ റദ്ദാക്കി ഉത്തരേന്ത്യയിലേക്ക് കൊണ്ടുപോകുന്നത് പ്രതിഷേധത്തിനിടയാക്കും എന്നതിനാലാണ് റെയിൽവേയുടെ ഈ നീക്കം.