ശബരിമല: മകരവിളക്ക് ഉത്സവത്തിന് നട തുറന്ന ശേഷം ശബരിമലയിൽ അഭൂതപൂർവമായ തിരക്ക്. തിങ്കൾ മുതൽ വ്യാഴം വൈകിട്ട് അഞ്ച് വരെ 3,71,653 പേരാണ് ദർശനം നടത്തിയത്. ശനിയാഴ്‌ച മകരവിളക്ക് ഉത്സവത്തിന് നട തുറന്ന് വ്യാഴം വൈകിട്ട് അഞ്ചുവരെ 4,93,617 പേർ ശബരിമലയിൽ എത്തി. ജനുവരി ഒന്നിനാണ് ഏറ്റവുമധികം തീർഥാടകർ എത്തിയതെന്നാണ് എമർജൻസി ഓപറേഷൻ സെന്ററിൽനിന്നുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്. 1,01,789 പേർ തിങ്കളാഴ്‌ച എത്തി. ഈ സീസണിൽ വ്യാഴം വൈകിട്ട് അഞ്ച് വരെ 34,82,044 തീർഥാടകരാണ് ശബരിമലയിൽ ദർശനം നടത്തിയത്.
കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് തീർഥാടകരുടെ എണ്ണത്തിൽ ഗണ്യമായ വർധനയാണ് ഉണ്ടായത്. ശബരിമലയിൽ എത്തുന്ന കുട്ടികളുടെ എണ്ണത്തിലും 30 ശതമാനത്തിന്റെ വർധനയുണ്ട്. ദിവസവും അയ്യായിരത്തോളം തീർഥാടകർ പുല്ലുമേട് വഴി മാത്രം സന്നിധാനത്ത് എത്തുന്നു.
തിരക്കേറിയതോടെ കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ശബരിമലയിൽ ഏർപ്പെടുത്തിയത്. തീർഥാടകർക്കുള്ള ഔഷധ കുടിവെള്ളം, ലഘുഭക്ഷണം, ആരോഗ്യ സുരക്ഷാ പരിചരണ സംവിധാനങ്ങൾ, മുന്നറിയിപ്പുകൾ എന്നിവയുമായി ദേവസ്വം ബോർഡും പൊലീസും മറ്റ് വകുപ്പുകളും കർമനിരതരാണ്. 10 മുതൽ ശബരിമലയിലേക്ക് എത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്തും.