പുതുക്കോട്ട: പൊങ്കലിനോട് അനുബന്ധിച്ച് ബിയർകുടി മത്സരവും സമ്മാനവും പ്രഖ്യാപിച്ച സംഘാടകരെ വിരട്ടി പൊലീസ്. പുതുക്കോട്ടയിലെ വാണ്ടൻവിടുതി ഗ്രാമത്തിലെ പൊങ്കൽ ആഘോഷത്തിന്റെ ഭാഗമായുള്ള മത്സരത്തിന്റെ പോസ്റ്റർ വൈറലായതിന് പിന്നാലെയാണ് സംഭവം. പൊങ്കലിനോട് അനുബന്ധിച്ച് ബിയർ കുടി മത്സരമാണ് ഇവിടെ സംഘാടകർ പ്രഖ്യാപിച്ചിരുന്നത്. വിജയിക്ക് ക്യാഷ് പ്രൈസ് അടക്കമുള്ള സമ്മാനവും പ്രഖ്യാപിച്ചിരുന്നു.
മത്സരത്തിന്റെ സമ്മാനത്തിന്റെ വിവരങ്ങളും നിബന്ധനകളും വ്യക്തമാക്കിക്കൊണ്ടുള്ള പോസ്റ്റർ കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന് പിന്നാലെ രൂക്ഷമായ വിമർശനമാണ് സംഘാടകർക്ക് നേരിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് സംഘാടകരെ വിളിച്ച് വിരട്ടി വിട്ടത്. വിജയിക്ക് 5,024 രൂപ ആണ് സമ്മാനം പ്രഖ്യാപിച്ചിരുന്നത്. ആദ്യത്തെ നാല് സ്ഥാനത്തുള്ളവർക്കായിരുന്നു സമ്മാനം പ്രഖ്യാപിച്ചത്.
ജനുവരി 15നാണ് തമിഴ്നാട്ടിൽ പൊങ്കൽ ആഘോഷിക്കുന്നത്. പൊങ്കലുമായി ബന്ധപ്പെട്ട് പലവിധ മത്സരങ്ങളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കുന്നത്. കബഡി, വടം വലി, വെള്ളക്കുപ്പി നിറയ്ക്കൽ തുടങ്ങി പല വിധ മത്സരങ്ങളും നൂതനമായ പല മത്സരങ്ങളും പല സംഘാടകരും സംഘടിപ്പിക്കാറുണ്ട്. കാലങ്ങളായി സൈലന്റായി നടന്നിരുന്ന ഇത്തരം നൂതന മത്സരങ്ങളിലൊന്നായാണ് ബിയർ കുടിയെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണം. ഗ്രാമീണരേയും ബന്ധുക്കളേയും സന്തോഷിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഇത്തരം മത്സരങ്ങളെന്നതാണ് പ്രത്യേകത.
എന്നാൽ പൊങ്കലിന്റെ മഹത്വം കളയുന്നതാണ് ഇത്തരം കാണിച്ചുകൂട്ടലുകൾ എന്നാണ് വ്യാപകമാവുന്ന വിമർശനം. ഇത്തരത്തിലുള്ള പല വിധ മത്സരങ്ങൾ പലയിടങ്ങളിലും നടക്കുന്നതായി ശ്രദ്ധയിൽ വരുന്നുണ്ടെന്നാണ് പൊലീസ് വിശദമാക്കുന്നത്. മത്സരത്തേക്കുറിച്ചുള്ള വിശദമായ വിവരം ഇങ്ങനെയാണ്. 10 ബിയർ കുടിക്കുന്നവർക്ക് ഒന്നാം സമ്മാനമായ 5024 രൂപ 9.5 ബിയർ കുടിക്കുന്നവർക്ക് രണ്ടാം സമ്മാനം 4024 രൂപ 9 ബിയർ കുടിക്കുന്നവർക്ക് 3024 8 ബിയർ കുടിക്കുന്നവർക്ക് 2024 രൂപ എന്നിങ്ങനെയാണ് സമ്മാനത്തുക. എന്നാൽ മത്സരത്തിനിടയ്ക്ക് ഛർദ്ദിക്കുകയോ ഛർദ്ദിക്കാന്‍ വേണ്ടി മത്സരം പാതിവഴിയിലാക്കി മാറി നിൽക്കുകയോ ചെയ്താൽ അയോഗ്യരാകും. കുടിച്ച ബിയറിന്റെ പണവും സംഘാടകർക്ക് നൽകണം.