കോട്ടയം: ബി.ജെ.പിയിൽ ചേര്‍ന്ന ഫാ. ഷൈജു കുര്യൻ സഭാ വിശ്വാസിയായ വീട്ടമ്മയോട് ലൈംഗിക ചുവയോടെ സംസാരിച്ചതായി വനിത കമീഷനില്‍ പരാതി. ബി.ജെ.പിയിൽ ചേർന്നതിന് സഭ നടപടിയെടുത്തതിന് പിന്നാലെയാണ് ഫാ. മാത്യൂസ് വാഴക്കുന്നം പരാതി നൽകിയത്. നിയമനടപടിക്ക് പത്തനംതിട്ട എസ്.പിക്ക് നിർദേശം നൽകണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. സ്ത്രീയുടേതായി പ്രചരിക്കുന്ന ശബ്ദരേഖ സഭാ നേതൃത്വത്തിനും വൈദികൻ കൈമാറിയിട്ടുണ്ട്. ഈ ശബ്ദരേഖ ഉൾപ്പെടെ വിവിധ പരാതികൾ പരിഗണിച്ചാണ് ഷൈജു കുര്യനെതിരെ സഭ നടപടിയെടുത്തത്.
ഫാ. ഷൈജു കുര്യനെ നിലവിലെ എല്ലാ ചുമതലകളിൽനിന്നും സഭാ നേതൃത്വം നീക്കുകയും പരാതികൾ അന്വേഷിക്കാൻ കമീഷനെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച രാത്രി ചേർന്ന ഭദ്രാസന കൗൺസിലിന്റേതാണ് തീരുമാനം. ഓർത്തഡോക്സ് സഭ അധ്യക്ഷൻ നിയോഗിക്കുന്ന കമീഷനാണ് പരാതികൾ അന്വേഷിക്കുക. രണ്ടു മാസത്തിനകം അന്വേഷണം പൂർത്തീകരിച്ച് റിപ്പോർട്ട് നൽകാനാണ് നിർദേശം.
ഷൈജു കുര്യനൊപ്പം സഭ വിശ്വാസികളായ 47 പേരും ബി.ജെ.പിയിൽ അംഗത്വം എടുത്തിരുന്നു. ബി.ജെ.പിയിൽ ചേർന്നതിനെതിരെ ഓർത്തഡോക്സ് സഭാ വിശ്വാസികൾ റാന്നി ഇട്ടിയപ്പാറയിലെ ഓർത്തഡോക്സ് സഭാ നിലക്കൽ ഭദ്രാസനത്തിന് മുന്നിൽ പ്രതിഷേധവുമായി എത്തിയിരുന്നു. വൈദികർ ഉൾപ്പെടെ പ്രതിഷേധത്തിൽ പങ്കാളികളായതോടെ ഭദ്രാസന കൗൺസിൽ യോഗം മാറ്റി. ഭദ്രാസന സെക്രട്ടറിയുടെ ചുമതലയിലിരുന്ന് ഫാ. ഷൈജു കുര്യൻ ബി.ജെ.പി അംഗത്വമെടുത്തത് അംഗീകരിക്കില്ലെന്നായിരുന്നു ഇവരുടെ നിലപാട്. ഷൈജു കുര്യൻ ക്രിമിനൽ കേസുകളിൽ അടക്കം ഉടൻ പ്രതിയാകുമെന്നും അതിനെ പ്രതിരോധിക്കാൻ കൂടിയാണ് ബി.ജെ.പി പ്രവേശനമെന്നും ഇവർ ആരോപിക്കുയകും ചെയ്തു. ഓർത്തഡോക്സ് സഭയെ അവഹേളിച്ച ഷൈജു കുര്യനെ ഭദ്രാസന ചുമതലയിൽനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികൾ സഭാ അധ്യക്ഷന് പരാതിയും നൽകി. ഇതിന് പിന്നാലെയാണ് ഫാദറിനെതിരെ നടപടി.
അതേസമയം, തന്റെ അഭ്യർഥന പ്രകാരമാണ് സഭാനേതൃത്വം അവധി അനുവദിച്ചതെന്നും താൻ കൂടി ആവശ്യപെട്ടിട്ടാണ് അന്വേഷണമെന്നും ഷൈജു കുര്യൻ പ്രതികരിച്ചു.