തിരുവനന്തപുരം: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ കെഎസ്‌യു സംസ്ഥാന കൺവീനർ അൻസിൽ ജലീലിന് ക്ലീൻ ചിറ്റ്. പരാതിയിൽ കഴമ്പില്ലെന്ന് കാണിച്ച് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. തിരുവനന്തപുരം ജെഎഫ്സിഎം കോടതിയിലാണ് റിപ്പോർട്ട് നൽകിയത്. അൻസിൽ ജലീലിനെതിരെയുള്ള ദേശാഭിമാനി വാർത്തയുടെ അടിസ്ഥാനത്തിൽ കേരള സർവകാലശാലയ്ക്ക് പരാതി കിട്ടിയിരുന്നു. ഇതിൽ സർവകലാശാലയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അൻസിലിനെതിരെയുള്ള പൊലീസ് അന്വേഷണം.
പരാതിയുമായി ബന്ധപ്പെട്ട് അൻസിൽ ജലീലിനെ നിരവധി തവണ പൊലീസ് ചോദ്യം ചെയ്തിരുന്നു. എസ്എസ്എൽസി, പ്ലസ് ടു സർട്ടിഫിക്കറ്റുകൾ ഹാജരാക്കാനും ആവശ്യപ്പെട്ടിരുന്നു. പ്രചരിക്കുന്ന ബിരുദ സർട്ടിഫിക്കറ്റ് താൻ നിർമിച്ചതല്ലെന്നാണ് അൻസിൽ ജലീൽ നൽകിയ മൊഴി. തിരുവനന്തപുരം കന്റോൺമെന്റ് എസിപിയുടെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് അൻസിലിന്റെ ഇക്കാര്യം പറഞ്ഞത്.
കായംകുളത്തെ മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിൻ്റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിനൊപ്പമാണ് അൻസിൽ ജലീലിന്റെ സർട്ടിഫിക്കറ്റ് വിവാദം ചർച്ചയായത്. ദേശാഭിമാനി വാർത്തയോടെ എസ്എഫ്ഐ വിവാദം ശക്തമായി ഉന്നയിക്കുകയായിരുന്നു. തുടർന്ന് സെനറ്റ് അംഗം അജിന്ത് സർവ്വകലാശാലക്ക് പരാതി നൽകുകയായിരുന്നു. അൻസിലിന്റെ പേരിലുള്ള സർട്ടിഫിക്കറ്റിൽ സർവകലാശാലയുടെ സീലും എംബ്ലവും വിസിയുടെ ഒപ്പും വ്യാജമെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു.