തിരുവനന്തപുരം: ഒന്നര വയസ്സുകാരനെ കിണറിലെറിഞ്ഞു കൊന്ന കേസിലെ പ്രതിയെ കാട്ടാക്കട കോടതി റിമാന്‍ഡ് ചെയ്തു. കൊല്ലപ്പെട്ട കുട്ടിയുടെ അമ്മയുടെ സഹോദരി ഉറിയാക്കോട് സൈമണ്‍റോഡ് അറുതലാംപാട് അങ്കണവാടിയ്ക്കു സമീപം തത്ത്വമസിയില്‍ വാടകയ്ക്കു താമസിക്കുന്ന മഞ്ചുവെന്ന് വിളിക്കുന്ന ബിന്ദു(36)വിനെയാണ് കാട്ടാക്കട കോടതി റിമാന്‍ഡ് ചെയ്തത്. മഞ്ചുവിന്റെ മൂത്തസഹോദരി സിന്ധുവിന്റെ മകന്‍ അനന്തനാണ് കഴിഞ്ഞ ദിവസം അതിക്രൂരമായി കൊല്ലപ്പെട്ടത്.
2015-മുതല്‍ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയില്‍ കഴിയുകയാണ് മഞ്ചുവെന്ന് പൊലീസ് പറയുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്ത പൊലീസ് പിന്നീട് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് സ്ഥിരീകരിച്ചു. ഇതാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് പറയുന്നു. നാലാം തീയതി മഞ്ചു വീട്ടിലെ തൊട്ടിലില്‍ ഉറങ്ങിക്കിടന്ന കുഞ്ഞിനെ അമ്മയറിയാതെ വീടിനു പിന്നിലൂടെ പുറത്ത് കൊണ്ടുപോയി സമീപത്തെ കിണറിനുമുകളിലെ സുരക്ഷാമൂടി തുറന്ന് അകത്തെറിയുകയായിരുന്നു. ഈ വിവരം അവര്‍ സമീപത്തെ തൊഴിലുറപ്പ് തൊഴിലാളികളെ അറിയിച്ചു. ഇവരാണ് വിവരം പൊലീസിലും ഫയർഫോഴ്സിലും അറിയിച്ചത്. ഫയർഫോഴ്സ് എത്തി കുട്ടിയെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു.
കൊല്ലപ്പെട്ട കുട്ടിയുടെ പിതാവിന്‍റെ ശ്രീകണ്ഠന്റെ ആദ്യഭാര്യയായിരുന്നു മഞ്ചു. സിന്ധുവിന്റെയും സഹോദരി മഞ്ചുവിന്റെയും ഭര്‍ത്താവ് തട്ടുപണിക്കാരനായ ശ്രീകണ്ഠനാണ്. മഞ്ചുവിനെ വിവാഹം കഴിച്ച ശ്രീകണ്ഠന്‍ അവര്‍ക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടായപ്പോഴാണ് സിന്ധുവിനെകൂടി ഭാര്യയായി സ്വീകരിച്ചത്. മഞ്ചുവിന് രണ്ട് പെൺകുട്ടികളുണ്ട്. സിന്ധുവിന് മൂന്ന് കുട്ടികളാണുള്ളത്. മൂന്നാമത്തെ കുട്ടിയാണ് കൊല്ലപ്പെട്ട അനന്ദന്‍. അറുതലാംപാട്ടെ വാടകവീട്ടില്‍ ശ്രീകണ്ഠനും ഭാര്യമാരും കുട്ടികളും ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്.