കൊച്ചി: അറബികടലിൽ നിരീക്ഷണം ശക്തമാക്കി ഇന്ത്യ. കടൽകൊള്ളക്കാരെ നേരിടാനുള്ള കൂടുതൽ കമാൻഡോകളെ യുദ്ധകപ്പലുകളിലെത്തിക്കും. കടൽകൊള്ളക്കാരെ ശക്തമായി നേരിടാൻ നാവിക സേന മേധാവി അഡ്മിറൽ ആർ. ഹരികുമാർ എല്ലാ യുദ്ധക്കപ്പലുകൾക്കും നിർദ്ദേശം നല്‍കി. സൊമാലിയൻ തീരത്ത് കടൽകൊള്ളക്കാർ റാഞ്ചിയ കപ്പൽ ഇന്നലെ നാവിക സേന മോചിപ്പിച്ചിരുന്നു. ഇസ്രയേൽ ഹമാസ് സംഘർഷത്തിന് ശേഷമുള്ള സാഹചര്യം കടൽകൊള്ളക്കാർ മുതലെടുക്കുകയാണന്നാണ് നാവിക സേന വിലയിരുത്തൽ.
അറബിക്കടലിന്‍റെ വടക്ക് നടുക്കടലിലാണ് കടൽക്കൊള്ളക്കാരെ ഇന്ത്യൻ നാവികസേന ഇന്നലെ നേരിട്ടത്. അറബികടലിൽ കടൽക്കൊള്ളക്കാര്‍ റാഞ്ചിയ കപ്പലിലെ പതിനഞ്ച് ഇന്ത്യക്കാരടക്കം 21 ജീവനക്കാരെ ഇന്ത്യൻ നാവികസേന മോചിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങൾ ഇതുനോടകം പുറത്ത് വന്നു. കടൽക്കൊള്ളക്കാർ തട്ടിയെടുത്ത ലൈബീരിയൻ ചരക്കുകപ്പലായ ‘എംവി ലില നോർഫോൾക്’ ഇന്ത്യൻ നാവികസേനാ കമാൻഡോകൾ പ്രവേശിക്കുന്നതും മാൻഡോകൾ ഡെക്കിലേക്കു കയറുന്നത് ഉൾപ്പെടെ ഓപ്പറേഷന്റെ ഭാഗമായിട്ടുള്ള നീക്കങ്ങൾ ദൃശ്യങ്ങളിൽ കാണാം. ഇന്ത്യൻ നാവികസേനയാണ് ഔദ്യോഗിക എക്സ് പ്ലാറ്റ്ഫോം അക്കൗണ്ടിലൂടെ ദൃശ്യങ്ങൾ പുറത്തുവിട്ടത്.
കപ്പലിന് സമീപത്തേക്ക് ‘മാർക്കോസ്’ കമാൻഡോ സംഘം സ്പീഡ് ബോട്ടിൽ എത്തുന്നതു മുതലുള്ള ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. കപ്പൽ ഉപേക്ഷിച്ചു പോകാൻ കമാൻഡോ സംഘം കടൽക്കൊള്ളക്കാർക്ക് ആദ്യം ശക്തമായ മുന്നറിയിപ്പു നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ബോട്ടിലെത്തിയ നാവിക സേനയിലെ കമാൻഡോകൾ അതിവേഗം കപ്പലിലേക്ക് കയറിയത്. കപ്പലിലേക്ക് നാവിക സേന കയറുന്നതിന്‍റെയും ഡെക്കിൽ പ്രവേശിക്കുന്നതും തുടർന്ന് നടത്തുന്ന നീക്കങ്ങളുമെല്ലാം വീഡിയോയിൽ കാണാം.