കോഴിക്കോട്: കടത്തുസ്വർണം പൊട്ടിക്കാൻ സ്ത്രീയെയും മകനെയും ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയ സംഘം കണ്ണൂരിൽ അറസ്റ്റിൽ. ഗൾഫിൽ നിന്നു കൊച്ചിയിൽ എത്തിയ കോഴിക്കോട് സ്വദേശിനിയെയാണ് മകനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയത്. ക്വട്ടേഷൻ സംഘം കൂത്തുപറമ്പിലെ ലോഡ്ജിൽ പൂട്ടിയിട്ട ഇവരെ മറ്റൊരു സ്വർണക്കടത്ത് സംഘവും ആക്രമിച്ചു. ബഹ്‌റൈനിൽ നിന്ന് കടത്തിയ സ്വർണവുമായി നെടുമ്പാശേരി വിമാനത്താവളത്തിൽ ചൊവ്വാഴ്ചയാണ് ബുഷറയെത്തിയത്.
അന്ന് തന്നെ കോഴിക്കോടുള്ള ഇരുപത്തിമൂന്നുകാരനായ മകൻ മുഹമ്മദ് മുബാറക്കിനെ ഒരു സംഘം തട്ടിക്കൊണ്ട് പോയി. ഇയാളെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് സംഘം ബുഷറയെ കണ്ണൂരിലേക്ക് കൊണ്ടുവന്നത്. യാത്രയ്ക്കിടെ ബുഷറയുടെ കയ്യിലുണ്ടായിരുന്ന ഒരു കിലോയോളം സ്വർണം ഇവർ കവർന്നു.
അമ്മയെയും മകനെയും ഇവർ കൂത്തുപറമ്പിലെ ഹോട്ടലിൽ എത്തിച്ചു. ഇരുവരെയും മുറിയ്ക്കുള്ളിൽ പൂട്ടിയിട്ട ശേഷം സംഘം കടന്നുകളഞ്ഞു. ഇതിനിടെ, ബുഷറ ഹോട്ടലിൽ ഉണ്ടെന്ന വിവരം, സ്വർണം കൊടുത്തയച്ച സംഘം മനസ്സിലാക്കി. ബുധനാഴ്ച ഹോട്ടലിലെത്തിയവർ അമ്മയെയും മകനെയും ആക്രമിച്ച് പാസ്സ്പോർട്ടും വിലകൂടിയ മറ്റു സാധനങ്ങളും കൈക്കലാക്കി രക്ഷപെട്ടു. കൂത്തുപറമ്പ് പോലീസിൽ മുബാറക്ക് നൽകിയ പരാതിയിൽ കേസെടുത്തു. സ്വർണം കൈക്കലാക്കിയ സംഘത്തിലെ കൂത്തുപറമ്പ് സ്വദേശികളായ റംഷാദ്, സലാം എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. മാങ്ങാട്ടിടം സ്വദേശികളായ മർവാൻ, അമീർ എന്നിവരും കേസിൽ ഉൾപ്പെടുന്നു.