കൊച്ചി: ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ വാഹനവും ഒരു ലക്ഷം രൂപയിൽ അധികം വില വരുന്ന അലൂമിനിയം പൈപ്പുകളുമായി മുങ്ങിയ പ്രതിയെ പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം മോനിപ്പള്ളി സ്വദേശി ജയിംസ് ബേബിയാണ് പൊലീസിന്റെ പിടിയിലായത്. ജെയിംസ് ബേബി ജോലി ചെയ്തിരുന്ന എറണാകുളം മുടിക്കലിലുള്ള സ്ഥാപനത്തിന്‍റെ വാഹനവും ഒരു ലക്ഷത്തി അയ്യായിരം രൂപ വിലവരുന്ന അലൂമിനിയം പൈപ്പുകളും, ഇരുപതിനായിരം രൂപ വിലവരുന്ന കളറിംഗ് മെറ്റീരിയൽസുമായി കടന്നത്.
തുറവൂരിലുള്ള മറ്റൊരു സ്ഥാപനത്തിലേക്ക് ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് 6 മണിക്ക് പ്രതി ഓട്ടം പോയിരുന്നു. എന്നാൽ തുറവൂരിൽ എത്താതെ വാഹനവും ഇതിൽ ഉണ്ടായിരുന്ന ഉൽപ്പന്നങ്ങളുമായി പ്രതി കടന്നുകളഞ്ഞു. തുടർന്ന് സ്ഥാപന ഉടമ സലീം പെരുമ്പാവൂർ പൊലീസിൽ പരാതി നൽകി.പ രാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് കോട്ടയം കുറവിലങ്ങാട് നിന്നും കുറവിലങ്ങാട് പൊലീസിന്റെ സഹായത്തോടെ പ്രതിയെ അറസ്റ്റ് ചെയ്തു.
ഇയാൾ കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ച വാഹനവും അലൂമിനിയം പൈപ്പുകളും കളറിംഗ് മെറ്റീരിയൽസും പൊലീസ് കസ്റ്റഡിയിൽ എടുത്തു. കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിൽ ഇതിന് മുൻപ് രജിസ്റ്റർ ചെയ്ത വിവിധ കേസുകളിൽ പ്രതിയാണ് ജെയിംസ്. പ്രതിയെ പെരുമ്പാവൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.