ധാക്ക: ബംഗ്ലാദേശിലെ റോഹിങ്ക്യൻ അഭയാർഥി ക്യാമ്പിലുണ്ടായ തീപിടിത്തം ആയിരങ്ങളെ വഴിയാധാരമാക്കി. ഉഖിയയിലെ ക്യാമ്പിൽ ഞായറാഴ്ച പുലർച്ചയാണ് തീപിടിത്തമുണ്ടായത്. 711 ഷെൽട്ടറുകൾ പൂർണമായും 63 എണ്ണം ഭാഗികമായും കത്തിനശിച്ചതായി അഭയാർഥി കമീഷണർ മിസാനുറഹ്മാൻ പറഞ്ഞു.
അഞ്ച് വിദ്യാഭ്യാസ കേന്ദ്രങ്ങളും രണ്ട് പള്ളികളും നശിക്കപ്പെട്ടു. 4000ത്തിലേറെ പേർക്ക് താമസിക്കാൻ ഇടമില്ലാതായി. തീവെച്ചതാകാനുള്ള സാധ്യതയും അധികൃതർ തള്ളിക്കളയുന്നില്ല. മുളയും ടാർപായയുംകൊണ്ട് കെട്ടിയ താൽക്കാലിക കെട്ടിടങ്ങൾ എളുപ്പം തീപടരുന്നതായിരുന്നു. 10 ലക്ഷത്തിലേറെ റോഹിങ്ക്യകളാണ് ബംഗ്ലാദേശിലെ ക്യാമ്പുകളിൽ കഴിയുന്നത്.