ഭൂപന്വേശർ: ബോട്ട് ഡ്രൈവർക്ക് വഴിതെറ്റിയതിനെ തുടർന്ന് കേന്ദ്ര മന്ത്രി സഞ്ചരിച്ച ബോട്ട് തടാകത്തിന് നടുവിൽ കുടുങ്ങിയത് രണ്ടു മണിക്കൂർ. കേന്ദ്ര ഫിഷറീഷ് മന്ത്രി പർഷോത്തം രൂപാലയും ബി.ജെ.പി ദേശീയ വക്താവ് സാമ്പിത് പത്രയും യാത്ര ചെയ്ത ബോട്ടാണ് ഒഡീഷയിലെ ചിലിക്ക തടാകത്തിൽ കുടുങ്ങിപോയത്.
മത്സ്യ തൊഴിലാളികളെ സന്ദർശിക്കാൻ ഖുർദയിലെ ബർകൂലിൽനിന്ന് പുരിയിലെ സദപതയിലേക്ക് പോകവെ ഞായറാഴച വൈകീട്ടാണ് ബോട്ട് കുടുങ്ങിയത്. ബോട്ട് മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങിയതാണെന്നാണ് ആദ്യം കരുതിയത്. ബോട്ട് ഡ്രൈവർക്ക് വഴി തെറ്റിയതാണെന്ന് പിന്നീട് മന്ത്രി തന്നെ വ്യക്തമാക്കി. ബോട്ടിൽ ഏതാനും പ്രാദേശിക നേതാക്കളുമുണ്ടായിരുന്നു.
മറ്റൊരു ബോട്ട് വന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. “നേരം ഇരുട്ടിയിരുന്നു, ബോട്ട് ഡ്രൈവർ ഈ റൂട്ടിൽ പുതിയ ആളാണ്, വഴി തെറ്റിയതിനാൽ സദപതയിലെത്താൻ രണ്ട് മണിക്കൂർ വൈകി” -മന്ത്രി പറഞ്ഞു.
രാത്രി പത്തരയോടെയാണ് രുപാല പുരിയിലെത്തിയത്. സാഗർ പരിക്രമ പദ്ധതിയുടെ ഭാഗമായി മത്സ്യത്തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്താനാണ് മന്ത്രി ഒഡീഷയിലെത്തിയത്.