കൊല്ലം > കലാപരിപാടികളുടെ വിജയപരാജയങ്ങള്‍ കലാപ്രവര്‍ത്തനങ്ങളെ ബാധിക്കരുതെന്ന് നടൻ മമ്മൂട്ടി. മറ്റുള്ളവരുടെ കഴിവുകള്‍ക്കൊപ്പമെത്താന്‍ സാധിച്ചില്ലെങ്കില്‍ കൂടി നമ്മുടെ കലാപരമായ കഴിവുകള്‍ക്ക് ഒരു കോട്ടവും സംഭവിക്കില്ലെന്നും മത്സരത്തില്‍ വിജയിച്ചവര്‍ക്കും പരാജയപ്പെട്ടവര്‍ക്കും കലാലോകത്ത് അവസരങ്ങള്‍ ഒരുപോലെയാണെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു. 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപനസമ്മേളനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കലാപരിപാടികളിലെ വിജയപരാജയങ്ങള്‍ കലാപ്രവര്‍ത്തനങ്ങളെ ബാധിക്കരുത്. നാം അവതരിപ്പിക്കുന്നത് കലാപ്രകടനം മാത്രമാണ്. അതിലൊന്നില്‍ മറ്റുള്ളവര്‍ക്കൊപ്പം എത്താന്‍ കഴിഞ്ഞില്ലെങ്കിലും കഴിവുകള്‍ക്കൊരു കോട്ടവും ഉണ്ടാകില്ല. കാലാകാലങ്ങളായി തേച്ചുമിനുക്കി വളര്‍ത്തിയെടുത്ത് വലിയ കലാകാരന്മാരാകുകയാണ് വേണ്ടത്. ഒരു യൂണിവേഴ്‌സിറ്റി യൂത്ത് ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ പോലും സാധിക്കാത്ത ആളാണ് ഞാന്‍. ആ ഞാന്‍ നിങ്ങളുടെ മുന്നില്‍ നിന്ന് സംസാരിക്കാന്‍ അര്‍ഹത നേടിയെങ്കില്‍ ഈ കലാപരിപാടിയില്‍ പങ്കെടുത്ത് വിജയിച്ചവര്‍ക്കും പരാജയപ്പെട്ടവര്‍ക്കും ഒരുപോലെ അവസരങ്ങള്‍ ഉണ്ടാകും.
കലോത്സവം വിവേചനങ്ങളില്ലാത്ത കലകളുടെ സമ്മേളനമാണ്. എല്ലാ തരത്തിലുള്ള മത്സരങ്ങളും യാതൊരു വിവേചനവുമില്ലാതെ കൂടിച്ചേരുന്ന സമ്മേളനമാണ് യൂത്ത് ഫെസ്റ്റിവല്‍. അന്നും ഇന്നും ഒരു തരത്തിലുള്ള വിവേചനവും വിദ്യാര്‍ഥികളെ ബാധിച്ചിട്ടില്ല – മമ്മൂട്ടി പറഞ്ഞു.