ഇറാഖിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് അമേരിക്ക. അമേരിക്കൻ സൈന്യത്തെ പുറത്താക്കുമെന്ന ഇറാഖിന്റെ പരാമർശത്തിന് പിന്നാലെയാണ് പ്രതികരണം. 2,500 യുഎസ് സൈനികരാണ് ഐഎസ് ദൗത്യത്തിന്റെ ഭാഗമായി ഇറാഖിലുള്ളത്. സിറിയയിൽ 900 സൈനികരും. ഭീകരസംഘടനയായ ഐഎസ് വീണ്ടും തലപൊക്കുന്നത് തടയാനാണ് ഇറാഖിൽ യുഎസ് സേനാസാന്നിധ്യം തുടരുന്നത്.
കഴിഞ്ഞ ദിവസം കിഴക്കൻ ബഗ്ദാദിൽ യുഎസ് സേന നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഇറാൻ ബന്ധമുള്ള ഷിയാ സംഘടനയുടെ മുതിർന്ന നേതാവും കൂട്ടാളികളും കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് രാജ്യത്തെ യുഎസ് സഖ്യസേനാത്താവളങ്ങൾ അടച്ചുപൂട്ടാൻ ഇറാഖ് സർക്കാർ ആലോചന തുടങ്ങിയതെന്നാണ് വിവരം. തുടർനടപടിക്കായി ഉന്നതസമിതിക്കു രൂപം നൽകുകയും ചെയ്തു.
അതേസമയം, സൈനിക കമാൻഡർ ഖാസിം സുലൈമാനിയുടെ ചരമവാർഷികച്ചടങ്ങിലുണ്ടായ ഇരട്ടസ്ഫോടനവുമായി ബന്ധപ്പെട്ട് ഒട്ടേറെപ്പേർ അറസ്റ്റിലായെന്ന് ഇറാൻ ആഭ്യന്തരമന്ത്രി അഹ്മദ് വാഹ്ദി അറിയിച്ചു. നൂറിലേറെപ്പേർ കൊല്ലപ്പെട്ട സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നു. പ്രതികളെന്നു സംശയിക്കുന്നവരെ 5 പ്രവിശ്യകളിൽ നിന്നായാണ് അറസ്റ്റ് ചെയ്തത്.