മലപ്പുറം: മലപ്പുറം നിലമ്പൂർ പൂക്കോട്ടുംപാടത്ത് വീണ്ടും കരടി ഇറങ്ങി. പതിവായി പ്രദേശത്തിറങ്ങി ഭീതിപരത്തുന്ന കരടി തന്നെയാണ് ഇന്നലെ രാത്രി വീണ്ടും വന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഇന്നലെ രാത്രി 11ഓടെയാണ് പ്രദേശത്തുകൂടെ പോവുകയായിരുന്ന യാത്രക്കാരന്‍ കരടിയെ കണ്ടത്. ഒരു മാസമായി പ്രദേശത്ത് കരടി ശല്യമുണ്ട്. റബ്ബര്‍ തോട്ടങ്ങളില്‍ വ്യാപകമായ തേന്‍ കൃഷി ചെയ്യുന്ന പ്രദേശമാണിത്. ഓരോ തവണയും കരടിയെത്തി തേന്‍ പെട്ടികള്‍ വ്യാപകമായി നശിപ്പിക്കുന്ന സ്ഥിതിയാണുള്ളത്. ഇത്തവണയും തേന്‍ പെട്ടികള്‍ തകര്‍ത്താണ് കരടി മടങ്ങിയത്.
തേന്‍ പെട്ടികള്‍ തകര്‍ത്തശേഷം തേന്‍ കുടിച്ചശേഷമാണ് കരടി സ്ഥലത്തുനിന്നും പോകാറുള്ളത്. പലപ്പോഴായി കരടി ഇറങ്ങി കൃഷിനാശമുണ്ടാക്കുന്നതും ജനങ്ങളെ ദുരിതത്തിലാക്കുകയാണ്. കരടിയിറങ്ങിയ വിവരം അറിയിച്ചെങ്കിലും രാത്രിയില്‍ വനപാലകര്‍ സ്ഥലത്തെത്തിയില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. കരടിയിറങ്ങിയതിന്‍റെ ദൃശ്യങ്ങളും നാട്ടുകാര്‍ പകര്‍ത്തി. രാത്രിയില്‍ പ്രദേശത്തുകൂടെ പോകുന്നവരെ ആക്രമിക്കുമോയെന്ന ഭയത്തിലാണ് അധികൃതര്‍.
കരടിയെ പിടികൂടി ആശങ്ക അകറ്റമെന്നാണ് നാട്ടുകാരുടെ ആവശ്യം.