തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അതിരാവിലെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്യാൻ രാഹുൽ രാജ്യദ്രോഹിയോ തീവ്രവാദിയോ അല്ലെന്ന് വി ഡി സതീശൻ പറഞ്ഞു. പൊലീസും പാർട്ടിയും സർക്കാരും ഭരണകൂട ഭീകരതയുടെ വക്താക്കളാകുന്നുവെന്ന് അദ്ദേഹം വിമർശിച്ചു.
ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു വിമർശനം. ആറ് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊന്നവന് രക്ഷപ്പെടാൻ വഴിയൊരുക്കിയ അതേ പോലീസും പാർട്ടിയും സർക്കാരുമാണ് മറുഭാഗത്ത് ഭരണകൂട ഭീകരതയുടെ വക്താക്കളാകുന്നതെന്ന് അദ്ദേഹം പോസ്റ്റിൽ രൂക്ഷമായി വിമർശിച്ചു. രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് പത്തനംതിട്ടയിലെ വീട്ടിലെത്തിയാണ് രാഹുൽ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുത്തത്.