ശരീരഭാരം കുറയ്ക്കുകയെന്നത് പൊതുവില്‍ തന്നെ പ്രയാസകരമായ കാര്യമാണ്. ഇതില്‍ തന്നെ ഇരട്ടി പ്രയാസമാണ് വയര്‍ കുറയ്ക്കാൻ. ഇത് മിക്കവരും പരാതിപ്പെടുന്നൊരു കാര്യവുമാണ്. അധികപേര്‍ക്കും വണ്ണം ആകെ കുറയ്ക്കുന്നതിനെക്കാള്‍ വയര്‍ കുറയ്ക്കണമെന്നതായിരിക്കും ആവശ്യവും. സൗന്ദര്യത്തെ ചൊല്ലിയുള്ള ആധിയായിരിക്കും ഇവരില്‍ തന്നെ ഭൂരിഭാഗം പേരും നേരിടുന്ന പ്രശ്നം.
എന്നാല്‍ വയര്‍ മാത്രം കൂടുന്നതില്‍ സൗന്ദര്യത്തെക്കാളെല്ലാം ഉപരി ആരോഗ്യപരമായ പല പ്രശ്നങ്ങളുമുണ്ട്. ബിപി (രക്തസമ്മര്‍ദ്ദം), പ്രമേഹം (ഷുഗര്‍), കൊളസ്ട്രോള്‍, ഹൃദ്രോഗം എന്നിങ്ങനെ പല അസുഖങ്ങളുമായും ആരോഗ്യപ്രശ്നങ്ങളുമായെല്ലാം വയറ്റിലെ കൊഴുപ്പിന് നേരിട്ടും അല്ലാതെയും ബന്ധമുണ്ട്. അതിനാല്‍ തന്നെ വയര്‍ ചാടുന്നത് നിയന്ത്രിച്ചേ മതിയാകൂ.
അധികപേരിലും ജീവിതരീതി തന്നെയാണ് വയര്‍ ചാടുന്നതിലേക്ക് നയിക്കാറ്. കഴിക്കുന്ന ഭക്ഷണത്തിന്‍റെ അളവും ശരീരം അധ്വാനിക്കുന്നതിന്‍റെ അളവും ശരിയായ അനുപാതത്തില്‍ അല്ല എന്നതാണ് ഏറ്റവും വലിയ പ്രശ്നം. ചുരുക്കിപ്പറഞ്ഞാല്‍ വ്യായാമമില്ലായ്മ തന്നെ പ്രശ്നം. എന്നാല്‍ വയര്‍ കുറയ്ക്കാൻ ഓടിപ്പോയി വ്യായാമം ചെയ്തിട്ടും കാര്യമില്ല എന്നതാണ്. ഇത് പലര്‍ക്കും ഇനിയും മനസിലായിട്ടില്ല.
വയര്‍ കുറയ്ക്കാൻ ശ്രമിക്കുന്നതിന് മുമ്പായി ചില കാര്യങ്ങള്‍ നിരീക്ഷിച്ചും പരിശോധിച്ചും മനസിലാക്കിയെടുക്കേണ്ടതുണ്ട്. ഒന്നാമതായി നിങ്ങള്‍ക്ക് എന്തെങ്കിലും വിധത്തിലുള്ള ജീവിതശൈലീരോഗങ്ങളുണ്ടോ, മറ്റ് രോഗങ്ങളുണ്ടോ എന്നത് പരിശോധിക്കണം. കാരണം ഇതിന് അനുസരിച്ചേ വര്‍ക്കൗട്ടിലേക്കോ ഡയറ്റിലേക്കോ പോകാവൂ. അല്ലെങ്കില്‍ ആരോഗ്യത്തിന് അത് അപകടമാണ്.
അടുത്തതായി മനസിലാക്കാനുള്ളത് വയറില്‍ അടിയുന്ന കൊഴുപ്പിനെ കുറിച്ചാണ്. രണ്ട് രീതിയിലാണ് വയര്‍ ചാടുന്നത്. ഇതും പലര്‍ക്കും അറിയില്ല എന്നതാണ് സത്യം. ചര്‍മ്മത്തിന് താഴെയായി കൊഴുപ്പടിയുന്ന അവസ്ഥയാണ് ഒന്ന്. രണ്ടാമത്തേത് ആന്തരീകാവയവങ്ങളുടെ ചുറ്റിലുമായി അകത്ത് കൊഴുപ്പടിയുന്ന അവസ്ഥ. ഇതിനെ ‘വിസറല്‍ ഫാറ്റ്’ എന്നാണ് പറയുന്നത്.
രണ്ട് തരത്തിലായാലും വയര്‍ ചാടും. എന്നാല്‍ രണ്ട് തരം കൊഴുപ്പുകളും ആരോഗ്യത്തെ ബാധിക്കുന്ന കാര്യത്തില്‍ വ്യത്യാസങ്ങളുണ്ടാകും. ‘വിസറല്‍ ഫാറ്റ്’ ആണ് ആരോഗ്യത്തെ കുറച്ചുകൂടി പ്രശ്നത്തിലാക്കുന്നത്. പ്രമേഹം (ഷുഗര്‍), ഹൃദ്രോഗം പോലുള്ള ഭീഷണിയെല്ലാം ഉയര്‍ത്തുന്നത് ‘വിസറല്‍ ഫാറ്റ്’ ആണ്. ഇതാണെങ്കില്‍ പെട്ടെന്ന് കുറയ്ക്കാനും സാധിക്കില്ല.
വയറിന്‍റെ അകത്തായും ആന്തരീകാവയവങ്ങളുടെ സമീപത്തായുമെല്ലാമാണ് ‘വിസറല്‍ ഫാറ്റ്’ അടിയുന്നത്. ഇത് പെട്ടെന്ന് എരിച്ചുകളയാവുന്ന രീതിയിലല്ല ഉണ്ടാവുക. ശരീരത്തിലേക്ക് നമ്മള്‍ എത്ര കലോറി എടുക്കുന്നുണ്ട് എന്നതിന് അനുസരിച്ച് ശരീരം അത് എരിച്ചുകളയുകയും വേണമല്ലോ. എന്നാല്‍ കൂടുതല്‍ കലോറി എടുക്കുകയും എരിച്ചുകളയുന്നത് കുറയുകയും ചെയ്യുന്ന അവസ്ഥ മൂലമാണ് ‘വിസറല്‍ ഫാറ്റ്’ ഉണ്ടാകുന്നത്. ലളിതമായി പറഞ്ഞാല്‍ നേരത്തേ സൂചിപ്പിച്ചത് പോലെ ശരീരം കാര്യമായി അനങ്ങാതിരിക്കുന്നത് മൂലമുണ്ടാകുന്നു എന്ന് സാരം.
ഇത് പരിഹരിക്കാൻ തീര്‍ച്ചയായും ഡയറ്റില്‍ (ഭക്ഷണത്തില്‍) മാറ്റം വരുത്തണം. അതുപോലെ വ്യായാമവും തുടങ്ങണം. എന്നാല്‍ ആരെങ്കിലും പറയുന്നതിന് അനുസരിച്ചോ, എവിടെയെങ്കിലും കേട്ടതോ വായിച്ചതോ അനുസരിച്ചോ അല്ല നിങ്ങള്‍ ഡയറ്റോ വര്‍ക്കൗട്ടോ തീരുമാനിക്കേണ്ടത്. അവയൊന്നും നിങ്ങള്‍ക്ക് അനുയോജ്യമാകണമെന്നില്ല. കാരണം ഓരോ വ്യക്തിയുടെയും ശാരീരികാവസ്ഥകള്‍ വ്യത്യസ്തമാണ്.
വയര്‍ കുറയ്ക്കണമെന്നുണ്ടെങ്കില്‍ എന്തെല്ലാമാണ് നിങ്ങളുടെ ശീലത്തില്‍ നിങ്ങള്‍ക്ക് വിനയാകുന്നത് എന്നത് തിരിച്ചറിയാൻ സാധിക്കണം. അതെല്ലാം ഒഴിവാക്കി, ആരോഗ്യകരമായ ശീലങ്ങള്‍ പിന്തുടരണം. ഇതിന് ഈ മേഖലയില്‍ അറിവുള്ളവരെ ആശ്രയിക്കുന്നതാണ് ഉചിതം. അതിന് സാധിക്കാതിരിക്കുന്നവര്‍ ആരോഗ്യകരമായ ജീവിതരീതിയിലേക്ക് കടന്നുനോക്കുക. മാറ്റങ്ങള്‍ കാണുന്നതിന് അനുസരിച്ച് പതിയെ മുന്നോട്ട് നീങ്ങാം. എന്തായാലും ചുരുങ്ങിയ സമയം കൊണ്ട് വയര്‍ കുറച്ച് ‘സൗന്ദര്യമുള്ളവര്‍’ ആയി മാറാമെന്ന ചിന്തയില്‍ ഇതിലേക്ക് കടക്കുന്നത് ആരോഗ്യത്തിന് ദോഷമാകാനാണ് സാധ്യതയെന്ന് വിദഗ്ധര്‍ തന്നെ ഓര്‍മ്മിപ്പിക്കുന്നു.