കോഴിക്കോട്: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും യു.ഡി.വൈ.എഫ് സംസ്ഥാന ചെയർമാനുമായ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തത് പ്രതിപക്ഷ യുവജന സംഘടനകളോടുള്ള പിണറായിയുടെ യുദ്ധപ്രഖ്യാപനമാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി.കെ. ഫിറോസ്. നാടുനീളെ പരസ്യം ചെയ്ത് കോടികൾ മുടക്കി നടത്തിയ നവകേരള സദസ്സിനെ കേരള ജനത തിരസ്കരിച്ചതിന്‍റെ കലിപ്പ് തീർക്കുകയാണ് മുഖ്യമന്ത്രിയെന്നും ഫിറോസ് കുറ്റപ്പെടുത്തി.
യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട കേസിലാണ് സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തിൽ റിമാൻഡിലായത്. കേസിലെ നാലാം പ്രതിയാണ് രാഹുൽ. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് ഒന്നാം പ്രതി. ഷാഫി പറമ്പില്‍ എം.എല്‍.എയും കണ്ടാലറിയാവുന്ന അഞ്ഞൂറോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതികളാണ്. കേസില്‍ അറസ്റ്റിലാകുന്ന ആദ്യ നേതാവാണ് രാഹുല്‍.
അടൂര്‍ മുണ്ടപ്പള്ളിയിലെ വീട്ടില്‍നിന്ന് ചൊവ്വാഴ്ച രാവിലെ ഏഴിന് കസ്റ്റഡിയിൽ എടുത്ത രാഹുലിനെ 10.30ഓടെ തിരുവനന്തപുരം കന്‍റോൺമെന്‍റ് സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അടൂർ പൊലീസുമായി രാവിലെ എത്തിയ കന്‍റോണ്‍മെന്‍റ് പൊലീസ് കേസ് ബോധ്യപ്പെടുത്തി തിരുവനന്തപുരത്തേക്ക് കൂടെ വരാൻ ആവശ്യപ്പെടുകയായിരുന്നു.
നവകേരള സദസ്സിനിടെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും മുഖ്യമന്ത്രിയുടെ ഗണ്‍മാനും ചേര്‍ന്ന് കെ.എസ്.യു- യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു സെക്രട്ടേറിയറ്റ് മാര്‍ച്ച്. മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.