ദില്ലി : ഇന്ത്യൻ ഫുട്ബോൾ ഇതിഹാസ താരം യുംനം കമലാ ദേവി വിരമിച്ചു. ബുധനാഴ്ചയാണ് കമലാ ദേവി വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്. 36 രാജ്യാന്തര മത്സരങ്ങളിൽ നിന്ന് 33 ഗോളുകൾ നേടിയിട്ടുള്ള താരമാണ് 29കാരിയായ കമലാ ദേവി. വിരമിക്കൽ തീരുമാനം ഏറെ ബുദ്ധിമുട്ടി എടുത്തതാണെന്നും ഒരുപാട് കാര്യങ്ങൾ ആലോചിച്ചതിനു ശേഷമാണ് ഇങ്ങനെ തീരുമാനിച്ചതെന്നും കമലാ ദേവി പറഞ്ഞു. 2010ലാണ് കമലാ ദേവി ഇന്ത്യൻ ടീമിൽ അരങ്ങേറിയത്. അറ്റാക്കിംഗ് മിഡ്‌ഫീൽഡറായ ഇവർ 2010, 12, 14 വർഷങ്ങളിൽ സാഫ് ചാമ്പ്യൻഷിപ്പ് വിജയിച്ച ടീമിൽ ഉൾപ്പെട്ടിരുന്നു. 2012 സാഫ് ചാമ്പ്യൻഷിപ്പിലെ ഏറ്റവും മികച്ച താരവും കമലാ ദേവി ആയിരുന്നു. 2016 സൗത്ത് ഏഷ്യൻ ഗെയിംസിൽ ടോപ്പ് സ്കോറർ ആയിരുന്നു. അക്കൊല്ലം തന്നെ നടന്ന പ്രഥമ ഇന്ത്യൻ വനിതാ ലീഗിൽ ഈസ്റ്റേൺ സ്പോർട്ടിംഗ് യൂണിയനുമായി കരാറൊപ്പിട്ട താരം 10 മത്സരങ്ങളിൽ നിന്ന് 15 ഗോളുകൾ നേടി ടോപ്പ് സ്കോറർ ആയിരുന്നു.
2017ൽ എഐഎഫ്എഫിൻ്റെ മികച്ച വനിതാ താരത്തിനുള്ള അവാർഡ് നേടി. 2020 ൽ ഗോകുലം കേരളയിലെത്തിയ താരം ക്ലബിനെ ഇന്ത്യൻ വനിതാ ലീഗ് ചാമ്പ്യന്മാരാക്കുകയും എഎഫ്സി വനിതാ ക്ലബ് ചാമ്പ്യൻഷിപ്പ് യോഗ്യത നേടിക്കൊടുക്കുകയും ചെയ്തു. ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യൻ ക്ലബാണ് ഗോകുലം കേരള.