ദോഹ: അൽ അഖ്സക്കു വേണ്ടിയുള്ള ചെറുത്തുനിൽപ്പിൽ ഇസ്‍ലാമിക ലോകത്തിന്റെ പിന്തുണ അനിവാര്യമാണെന്ന് വ്യക്തമാക്കി ഹമാസ് നേതാവ് ഇസ്‍മായിൽ ഹനിയ്യ. ദോഹയിൽ നടക്കുന്ന ആഗോള മുസ്‍ലിം പണ്ഡിതസഭ സമ്മേളനത്തിന്റെ ഫലസ്തീൻ സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കൂട്ടക്കൊലകളും വംശീയ ഉന്മൂലനവുമായി ഗസ്സയിൽ ഇസ്രായേൽ തേർവാഴ്ച നടത്തിയിട്ടും ലക്ഷ്യം നേടുന്നതിൽ ശത്രുക്കൾ പരാജിതരായെന്ന് നൂറു ദിവസത്തിലേക്ക് നീളുന്ന യുദ്ധം സാക്ഷ്യപ്പെടുത്തുകയാണ്. അവരുടെ ലക്ഷ്യങ്ങളൊന്നും കൈവരിക്കാനായിട്ടില്ല. ഇപ്പോൾ പുറത്തുപറയുന്ന കണക്കുകളിലും എത്രയോ ഇരട്ടിയാണ് അധിനിവേശ സേനയുടെ നാശങ്ങൾ. എയർ ബ്രിഡ്ജ് തീർത്തും ആയുധങ്ങളും യുദ്ധക്കപ്പലുകളുമായി വിദേശരാജ്യങ്ങൾ അധിനിവേശ സേനക്ക് പിന്തുണ നൽകുകയാണ്. എന്നാൽ, അൽ അഖ്സക്കും ഫലസ്തീൻ ഭൂമിക്കുമായി ചെറുത്തുനിൽപ് നടത്തുന്ന പ്രതിരോധ സേനക്കും ലോക സമൂഹത്തിന്റെ പിന്തുണ വേണം’-ഇസ്മായിൽ ഹനിയ്യ പറഞ്ഞു. ‘മൂന്നു മാസത്തിലേറെ പിന്നിട്ട യുദ്ധത്തിൽ ആൾനഷ്ടവും മറ്റും ഒരുപാടുണ്ടെങ്കിലും ഫലസ്തീനികളുടെ ചെറുത്തുനിൽപ് വിജയംകാണുമെന്ന് അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു. അമേരിക്കയുടെ നേതൃത്വത്തിൽ മനുഷ്യരാശിക്കെതിരായ യുദ്ധമാണ് ഗസ്സയിൽ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രായേൽ സൈനികകേന്ദ്രത്തിൽ ഡ്രോൺ ആക്രമണം
ബൈറൂത്/ഗസ്സ: മേഖലയിൽ സംഘർഷ വ്യാപന ഭീതി പരത്തി ഇസ്രായേൽ-ഹിസ്ബുല്ല ആക്രമണ, പ്രത്യാക്രമണം തുടരുന്നു. ഹമാസ് നേതാവ് സാലിഹ് അൽ അറൂരി, ഹിസ്ബുല്ല കമാൻഡർ വിസ്സാം അൽ തവീൽ എന്നിവരുടെ കൊലപാതകത്തിന് പ്രതികാരമായി ഇസ്രായേലിലെ സഫദ് നഗരത്തിലെ നോർത്തേൺ കമാൻഡ് സെന്റർ ലക്ഷ്യമിട്ട് ഹിസ്ബുല്ല ഡ്രോൺ ആക്രമണം നടത്തി. സൈനികകേന്ദ്രത്തിന് നാശനഷ്ടമൊന്നും സംഭവിച്ചിട്ടില്ലെന്നാണ് ഇസ്രായേൽ അവകാശവാദമെങ്കിലും ഡ്രോണുകൾ ലക്ഷ്യത്തിൽ പതിച്ചതായാണ് ഹിസ്ബുല്ല പറയുന്നത്. ഇതിന് തിരിച്ചടിയായി ഇസ്രായേലിന്റെ വ്യോമാക്രമണത്തിൽ മൂന്നു ഹിസ്ബുല്ല പോരാളികൾ കൊല്ലപ്പെട്ടു.
ഗസ്സയിലെ ഖാൻ യൂനുസിൽ ഇസ്രായേൽ കരയാക്രമണം ശക്തമാക്കി. 24 മണിക്കൂറിനിടെ 126 പേർ കൂടി കൊല്ലപ്പെട്ടതോടെ ഗസ്സയിൽ ആകെ മരിച്ച ഫലസ്തീനികളുടെ എണ്ണം 23,210 ആയി. 59,167 പേർക്ക് പരിക്കുണ്ട്. നിരവധി ഹമാസ് പോരാളികളെ കൊലപ്പെടുത്തിയതായും ആയുധങ്ങളും ഭൂഗർഭ അറകളും കണ്ടെത്തിയതായും ഇസ്രായേൽ സേന അവകാശപ്പെട്ടു.
അൽ ഖസ്സാം ബ്രിഗേഡിന്റെ തിരിച്ചടിയിൽ ഒമ്പതു സൈനികർകൂടി കൊല്ലപ്പെട്ടതോടെ കരയുദ്ധം ആരംഭിച്ചതു മുതൽ മരിച്ച സൈനികരുടെ എണ്ണം 187 ആയി. വെസ്റ്റ്ബാങ്കിലെ തുൽകറമിൽ മൂന്നു യുവാക്കളെ വെടിവെച്ചിട്ട ഇസ്രായേൽ സേന ശരീരത്തിലൂടെ സൈനികവാഹനം കയറ്റിയിറക്കി. ഗസ്സയിൽ രണ്ട് അൽജസീറ റിപ്പോർട്ടർമാർ കൊല്ലപ്പെട്ട സംഭവത്തിൽ സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം വേണമെന്നും കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണമെന്നും യു.എൻ മനുഷ്യാവകാശ ഓഫിസ് ആവശ്യപ്പെട്ടു.
ഗസ്സയിലേക്ക് സഹായവസ്തുക്കളെത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് ഇസ്രായേലി ബന്ദികളുടെ ബന്ധുക്കൾ കരീം ശാലോം അതിർത്തിയിൽ പ്രതിഷേധിച്ചു. അതേസമയം, ബന്ദിമോചനം സംബന്ധിച്ച ചർച്ചകൾക്കായി ഉന്നതതല ഇസ്രായേലി പ്രതിനിധി സംഘം തിങ്കളാഴ്ച രാത്രി കൈറോയിലെത്തിയതായി ‘ടൈംസ് ഓഫ് ഇസ്രായേൽ’ റിപ്പോർട്ട് ചെയ്തു. പശ്ചിമേഷ്യ പര്യടനം നടത്തുന്ന യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇസ്രായേലിലെത്തി പ്രസിഡന്റ് ഐസക് ഹെർസോഗുമായി കൂടിക്കാഴ്ച നടത്തി.