ദില്ലി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ താൻ മത്സരിക്കണോയെന്ന് പാർട്ടി തീരുമാനിക്കട്ടെയെന്ന് ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണി. കേരളത്തിൽ ഇത്തവണ ഒന്നിലധികം സീറ്റുകൾ ബിജെപി നേടുമെന്നും നേടുമെന്നും അനിൽ ആൻറണി പറഞ്ഞു. മണിപ്പൂർ കലാപം കേരളത്തിൽ തിരിച്ചടിയാകില്ലെന്നും മോദിയുടെ ഗ്യാരണ്ടി കേരളം സ്വീകരിക്കുമെന്നും അനിൽ ദില്ലിയിൽ പറഞ്ഞു.നരേന്ദ്രമോദി നേരിട്ട് ടിക്കറ്റ് നൽകിയാണ് അനില്‍ ആൻറണിയെ ബിജെപിയിലെത്തിക്കുന്നത്. ബിജെപിയില്‍ ചേര്‍ന്ന് എട്ടു മാസത്തിനുള്ളില്‍ ദേശീയ സെക്രട്ടറി പദവി ഉള്‍പ്പെടെ നല്‍കി അനിലിനെ കേരളത്തിൽ സുരേഷ് ഗോപിക്കൊപ്പം ബിജെപിയുടെ തുറുപ്പുചീട്ടാക്കി അവതരിപ്പിക്കാനൊരുങ്ങുകയാണ് കേന്ദ്ര നേതൃത്വം.
മധ്യ കേരളത്തിൽ അനിലിനെ ഇറക്കിയേക്കുമെന്ന അഭ്യൂഹങ്ങളോട് പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്നായിരുന്നു അനില്‍ ആൻറണിയുടെ മറുപടി.പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്ന് കോൺഗ്രസും സിപിഎമ്മും വിവാദമാക്കുന്നതിന് പിന്നിൽ രാഷ്ട്രീയ അജണ്ടയുണ്ട്. ഇരുപാർട്ടികളും വർഗീയമായി ചിന്തിക്കുന്നതുകൊണ്ടാണ് ബിജെപിയിൽ ചേർന്ന വൈദികനെതിരെ ഇരു പാർട്ടികളും ആക്രമണം നടത്തുന്നതെന്നും അനിൽ ആൻറണി പറഞ്ഞു.അയോധ്യ വിഷയത്തിലും കോൺഗ്രസിനെതിരെ അനില്‍ രൂക്ഷ വിമർശനമാണ് നടത്തിയത്.
ഉത്തരേന്ത്യയിലെ കോൺഗ്രസ് നേതാക്കളെല്ലാം അയോധ്യക്ക് പോകണമെന്ന് പറയുന്നു. ഇത്തരം വിഷയങ്ങളിൽ നിലപാടെടുക്കാൻ കഴിയാത്തതുകൊണ്ടാണ് കോൺഗ്രസ് ഈ ഗതിയിലെത്തിയതെന്നും അനിൽ പരിഹസിച്ചു. ഈ തെരഞ്ഞെടുപ്പോടെ കോൺഗ്രസും സിപിഎമ്മും രാഷ്ട്രീയ ഭൂപടത്തിൽ ഇല്ലാതാകുമെന്നും അനില്‍ ആൻറണി പറഞ്ഞു. ക്രൈസ്തവ സഭകളെയും യുവാക്കളെയും ബിജെപിയോടെടുപ്പിക്കുന്നതിനായി നിർണായക ദൗത്യമാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ അനിലിന് കേന്ദ്ര നേതൃത്ത്വം നൽകിയിരിക്കുന്നത്.